തിരുവനന്തപുരം: ഐ.എ.എസ് ഉദ്യോഗസ്ഥൻ പ്രശാന്ത് നായർക്കെതിരെ വീണ്ടും അച്ചടക്ക നടപടിയുമായി സംസ്ഥാന സർക്കാർ. കഴിഞ്ഞ ഒരു വർഷത്തിലേറെയായി സസ്പെൻഷനിൽ തുടരുന്ന പ്രശാന്തിനെതിരെ ഇത് എട്ടാം തവണയാണ് അച്ചടക്ക നടപടി സ്വീകരിക്കുന്നത്. സർക്കാരിന്റെ നയപരമായ കാര്യങ്ങളിൽ അനുമതിയില്ലാതെ മാധ്യമങ്ങളോട് പ്രതികരിച്ചതിനാണ് ചീഫ് സെക്രട്ടറി ഇപ്പോൾ നോട്ടീസ് അയച്ചിരിക്കുന്നത്.
അഖിലേന്ത്യാ സർവീസ് ചട്ടങ്ങൾ ലംഘിച്ചുകൊണ്ട് പരസ്യപ്രതികരണം നടത്തി, സർക്കാരിന്റെ നയപരമായ തീരുമാനങ്ങളെക്കുറിച്ച് മുൻകൂട്ടി അനുവാദം വാങ്ങാതെ മാധ്യമങ്ങളോട് സംസാരിച്ചു എന്നീ കുറ്റങ്ങൾ ചൂണ്ടിക്കാട്ടിയാണ് നോട്ടീസ്. നിലവിൽ സസ്പെൻഷനിൽ കഴിയുന്ന ഉദ്യോഗസ്ഥനെതിരെ തുടർച്ചയായി ഉണ്ടാകുന്ന അച്ചടക്ക നടപടികൾ മാധ്യമങ്ങളിൽ ഇതിനോടകം തന്നെ വലിയ ചർച്ചയായിട്ടുണ്ട്.
