അന്തരിച്ച നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസന്റെ സംസ്‌കാരം ഞായറാഴ്ച രാവിലെ പത്തുമണിക്ക് തൃപ്പൂണിത്തുറ കണ്ടനാട്ടെ വസതിയില്‍. ഔദ്യോഗിക ബഹുമതികളോടെയാവും സംസ്‌കാരച്ചടങ്ങുകള്‍. കണ്ടനാടുള്ള വീട്ടുവളപ്പില്‍ നാളെ രാവിലെ 10 മണിക്കായിരിക്കും സംസ്‌കാരമെന്ന് സംവിധായകന്‍ രഞ്ജി പണിക്കര്‍ മാധ്യമങ്ങളോട് അറിയിച്ചു. ഇന്ന് ഉച്ചയ്ക്ക് ഒന്നുമുതല്‍ മൂന്നുവരെ മൃതദേഹം എറണാകുളം ടൗണ്‍ഹാളില്‍ പൊതുദര്‍ശനത്തിന് വെക്കും. മുഖ്യമന്ത്രി പിണറായി വിജയനുള്‍പ്പെടെയുള്ളവര്‍ ഇവിടെ മലയാളത്തിന്റെ പ്രീയ താരത്തിന് ആദരാഞ്ജലി അര്‍പ്പിക്കാനെത്തും.
പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെയായിരിക്കും സംസ്‌കാരമെന്ന് സിപിഎം സെക്രട്ടറി എംവി ഗോവിന്ദന്‍ അറിയിച്ചിരുന്നു. മലയാളത്തിന്റെ പ്രിയ്യപ്പെട്ട നടനും സംവിധായകനും തിരക്കഥാകൃത്തുമായ ബഹുമുഖ പ്രതിഭയ്ക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ സിനിമാ- സാംസ്‌കാരിക- രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ ടൗണ്‍ഹാളിലേക്ക് എത്തുകയാണ്. ശനിയാഴ്ച കൊച്ചിയിലുള്ള മുഖ്യമന്ത്രി പിണറായി വിജയനും ശ്രീനിവാസന് അന്തിമോപചാരം അര്‍പ്പിക്കാനെത്തും. നടന്‍ മമ്മൂട്ടി ശ്രീനിവാസനെ അവസാനമായി കാണാനായി കണ്ടനാട്ടെ വസതിയിലെത്തി. ഭാര്യ സുല്‍ഫത്തിനൊപ്പമാണ് മമ്മൂട്ടി അന്തിമോപചാരം അര്‍പ്പിക്കാനെത്തിയത്.
സ്വകാര്യ ആശുപത്രിയിലേക്ക് ഡയാലിസിസിന് പോവുന്നതിനിടെയാണ് ശ്രീനിവാസന് തളര്‍ച്ച അനുഭവപ്പെട്ടതും തൃപ്പൂണിത്തുറയിലെ താലൂക്ക് ആശുപത്രിയിലെത്തിക്കുകയും ചെയ്തത്. ഇവിടെവെച്ച് മരണം സ്ഥിരീകരിച്ചു. ഭാര്യ വിമല ഉള്‍പ്പെടെ മരണസമയത്ത് ഒപ്പമുണ്ടായിരുന്നു. മരണവിവരമറിഞ്ഞ മൂത്തമകന്‍ വിനീത് ശ്രീനിവാസന്‍ പത്തുമണിയോടെ തൃപ്പൂണിത്തുറ ആശുപത്രിയില്‍ എത്തിയിരുന്നു. തുടര്‍ന്നാണ് മൃതദേഹം വീട്ടിലേക്ക് കൊണ്ടുവന്നത്. സ്ഥലത്തില്ലാതിരുന്ന മകന്‍ ധ്യാന്‍ ശ്രീനിവാസന്‍ കണ്ടനാട്ടെ വസതിയിലേക്കെത്തി.
ശ്രീനിവാസനെ അനുസ്മരിച്ച് രാഷ്ട്രീയ സാമൂഹിക മേഖലയിലെ പ്രമുഖര്‍ ആദരാഞ്ജലി അര്‍പ്പിച്ചു. നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസനെ മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വിഡി സതീശനും അനുസ്മരിച്ചു. മലയാള സിനിമയ്ക്ക് വീണ്ടെടുക്കാനാവാത്ത നഷ്ടമാണ് ശ്രീനിവാസന്റെ വേര്‍പാടെന്ന് മുഖ്യമന്ത്രി അനുസ്മരണ കുറിപ്പില്‍ പറഞ്ഞു. ചലച്ചിത്രത്തിന്റെ സമസ്ത രംഗങ്ങളിലും നായക സ്ഥാനത്ത് എത്തിയ പ്രതിഭയാണ് മറയുന്നത്. പച്ച മനുഷ്യന്റെ ജീവിതം വെള്ളിത്തിരയില്‍ എത്തിക്കുന്നതിലും ചിരിയിലൂടെയും ചിന്തയിലൂടെയും പ്രേക്ഷകനെ താന്‍ ഇച്ഛിക്കുന്ന ബോധതലങ്ങളിലേക്ക് എത്തിക്കുന്നതിലും ഇതുപോലെ വിജയിച്ച ചലച്ചിത്രകാരന്മാര്‍ വേറെ അധികമില്ല. സിനിമയില്‍ നിലനിന്നുപോന്ന പല മാമൂലുകളെയും തകര്‍ത്തുകൊണ്ടാണ് ശ്രീനിവാസന്‍ ചുവടുവെച്ചത്. താന്‍ പ്രകാശിപ്പിക്കുന്ന ആശയം കടുത്ത വിമര്‍ശനത്തിന് വിധേയമാകുമെന്ന് അറിഞ്ഞുകൊണ്ടുതന്നെ സരസമായി അവതരിപ്പിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. കടുത്ത വിയോജിപ്പുള്ളവരും ശ്രീനിവാസനിലെ പ്രതിഭയെ ആദരിച്ചു. മലയാള ചലച്ചിത്ര രംഗത്തെ ആസ്വാദന തലത്തെ ഭാവാത്മകമാവിധം മാറ്റുന്നതിന് ശ്രീനിവാസന്‍ പ്രയത്‌നിച്ചുവെന്നും പിണറായി വിജയന്‍ കുറിച്ചു. തന്റെ സാമൂഹ്യ കാഴ്ചപ്പാടുകളെ ആക്ഷേപഹാസ്യത്തിലൂടെ അവതരിപ്പിക്കുന്നതില്‍ വിജയിച്ച ചലച്ചിത്രകാരന്‍ കൂടിയാണ് ശ്രീനിവാസനെന്നും മുഖ്യമന്ത്രി അനുസ്മരിച്ചു.

Leave feedback about this