കൊച്ചി: ഏതെങ്കിലുമൊരു വ്യക്തിയോടുള്ള എതിരഭിപ്രായത്തിന്റെ പേരില്‍ അവാര്‍ഡ് നിരസിക്കുന്ന രീതി ശരിയല്ലെന്ന് 24 ന്യൂസ് മേധാവി ശ്രീകണ്ഠന്‍ നായര്‍. ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക ഏര്‍പ്പെടുത്തിയ കേരത്തിലെ മാധ്യമ പ്രവര്‍ത്തകര്‍ക്കും പ്രസ് ക്ലബുകള്‍ക്കുമുള്ള പുരസ്‌കാര വിതരണ ചടങ്ങ് ബഹിഷ്‌കരിച്ച ഒരു വിഭാഗം മാധ്യപ്രവര്‍ത്തകരുടെ നിലപാടില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ചിലമാധ്യമപ്രവര്‍ത്തകര്‍ പരിപാടിയില്‍ നിന്ന് മാറി നിന്നു. അതില്‍ എനിക്ക് സങ്കടം തോന്നി. എന്നോട് ജൂറി ഇത് അറിയിച്ചപ്പോള്‍ ഞാന്‍ പറഞ്ഞത് പുരസ്‌കാരം നവാഗത പ്രതിഭകള്‍ക്ക് കൊടുക്കണമെന്നാണ്. ഞാനടക്കമുള്ളവര്‍ വാര്‍ദ്ധഖ്യത്തിലേക്ക് അടുക്കുന്നവരാണ്. കടലിനക്കര നിന്ന് കേരളത്തെ ക്യത്യമായി കാണുകയും, കേരളത്തിനായി നിരന്തരം സഹായം എത്തിക്കുകയും ചെയ്യുന്നവരാണ് ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ പിന്നില്‍. അവര്‍ നല്‍കുന്ന ആദരം എന്തിന് തിരസ്‌കരിച്ചു എന്ന് എന്തിന് തീരുമാനിച്ചു എന്ന് ഇപ്പോഴും മനസിലാകുന്നില്ലെന്നും ശ്രീകണ്ഠന്‍ നായര്‍ പ്രതികരിച്ചു.
മലയാളികള്‍ വിദേശ നാടുകളിലെ മലയാളികളെയാണ് പലകാര്യങ്ങളിലും ആശ്രയിക്കുന്നത്. പ്രളയം വന്നപ്പോഴും ഒരുപാട് പിന്‍ബലം ഉണ്ടായിട്ടുണ്ട്. റിയാദില്‍ ജയിലില്‍ കഴിയുന്ന റഹീമിനായി കോടികള്‍ പിരിച്ചെടുത്തതില്‍ നിര്‍ണായക പങ്ക് വഹിച്ചത് വിദേശ രാജ്യങ്ങളിലുള്ള മലയാളികളാണ്. ഒരു അവാര്‍ഡ് നിരസിക്കുന്നത് വലിയ കാര്യമായി ഇപ്പോഴും കരുതുന്നില്ലെന്നും ശ്രീകണ്ഠന്‍ നായര്‍ കൂട്ടിച്ചേര്‍ത്തു. അവാര്‍ഡ് നിരസിക്കാനുള്ള സ്വാതന്ത്ര്യം നമുക്കെല്ലാമുണ്ട് എന്നാല്‍ ആളുകളുടെ മനസിനെ മുറിവേല്‍പ്പിച്ചു കൊണ്ടാകരുതെന്നും ശ്രികണ്ഠന്‍ നായര്‍ വ്യക്തമാക്കി.
തിരുവനന്തപുരം പ്രസ് ക്ലബിന് ഏറ്റവും നല്ല പുരസ്‌കാരം നല്‍കിയത് വിവാദമായി ഉയര്‍ന്നു കേള്‍ക്കുന്നു. അവിടുത്തെ ഏതെങ്കിലുമൊരു വ്യക്തിയോടുള്ള എതിര്‍പ്പിന്റെ പേരില്‍ ഇന്ത്യ പ്രസ്‌ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക നല്‍കുന്ന പുരസ്‌കാരം നിരസിക്കേണ്ട ആവശ്യമില്ലായിരുന്നെന്നും ശ്രീകണ്ഠന്‍ നായര്‍ വ്യക്തമാക്കി.
Leave feedback about this