Kerala

സംസ്ഥാനത്ത് നൈപുണ്യവികസന സാഹചര്യം ഉറപ്പാക്കും: മന്ത്രി വി ശിവന്‍കുട്ടി

കൊല്ലം:നൈപുണ്യപരിശീലനവും ആജീവനാന്ത പഠനഅവസരങ്ങളും ലഭ്യമാക്കാന്‍ കഴിയുന്ന സാഹചര്യം സംസ്ഥാനത്ത് ഉറപ്പാക്കുമെന്ന് തൊഴിലും നൈപുണ്യവും വകുപ്പു മന്ത്രി വി ശിവന്‍കുട്ടി. 2031 ആകുമ്പോഴേക്കും കേരളത്തിലെ 15 നും 59 നും ഇടയില്‍ പ്രായമുള്ള ഓരോവ്യക്തിക്കും ലിംഗഭേദം, സാമൂഹിക – സാമ്പത്തിക സ്ഥിതി എന്നിവ പരിഗണിക്കാതെ ഗുണകരമാകും വിധമാണ് ഇത് ഏര്‍പ്പെടുത്തുകയെന്നും വ്യക്തമാക്കി.വിഷന്‍ 2031 തൊഴിലും നൈപുണ്യവും വകുപ്പ് സംസ്ഥാനതല സെമിനാറില്‍ ചര്‍ച്ചകള്‍ ക്രോഡീകരിച്ച് ഉപസംഹരിക്കുകയായിരുന്നു മന്ത്രി.

കയര്‍, കൈത്തറി, കശുവണ്ടി മേഖലകളില്‍ ആഭ്യന്തരകമ്പോളം വികസിപ്പിക്കാനുള്ള സാഹചര്യമൊരുക്കും. ആധുനിക സാങ്കേതികവിദ്യയുടെ സഹായം പ്രയോജനപ്പെടുത്തും. ഗിഗ് വര്‍ക്കേഴ്‌സ്, ആപ്പ് ബേസ്ഡ് ഡ്രൈവേഴ്‌സ്, ഡെലിവറി ജീവനക്കാര്‍ തുടങ്ങിയ തൊഴിലാളികളുടെ സുരക്ഷിതത്വം ഉറപ്പാക്കാന്‍ നടപടി സ്വീകരിക്കും. ഗിഗ് വര്‍ക്കേഴ്‌സിനായി പുതിയനിയമം കൊണ്ടുവരും. വഴിയോരകച്ചവടക്കാര്‍, ഗൃഹകേന്ദ്രീകൃതതൊഴിലാളികള്‍ എന്നിവരെ ആധുനിക സാങ്കേതികവിദ്യകളുമായി കൂട്ടിയിണക്കാന്‍ പദ്ധതി ആവിഷ്‌കരിക്കും.
എല്ലാ മേഖലയിലും സാമൂഹികനീതി, സ്ത്രീസുരക്ഷ എന്നിവ ഉറപ്പാക്കും. തൊഴിലിടങ്ങളില്‍ സ്ത്രീകളുടെ അന്തസ് സംരക്ഷിക്കാനും സുരക്ഷിതമായി തൊഴില്‍ ചെയ്യാനുമുള്ള അന്തരീക്ഷം ഉറപ്പാക്കുന്നത് തുടരും. കുടിയേറ്റ തൊഴിലാളികള്‍ക്കായി പ്രത്യേകപദ്ധതി ആവിഷ്‌കരിക്കും. യുവ തൊഴിലാളികളുടെ തൊഴില്‍വൈദഗ്ധ്യം വികസിപ്പിക്കാന്‍ സമഗ്രപദ്ധതി ആവിഷ്‌കരിക്കും.

തൊഴിലാളിക്ഷേമപദ്ധതികള്‍, സഹകരണപ്രസ്ഥാനത്തിലൂടെയുള്ള പരമ്പരാഗത തൊഴിലാളി സംരക്ഷണം തുടങ്ങിയ വിഷയങ്ങളും പഠനവിധേയമാക്കും. ക്ഷേമപദ്ധതികള്‍ ശക്തിപ്പെടുത്താന്‍ നിയമഭേദഗതികളും പരിഗണനയിലാണ്. ദിവസവേതനക്കാരായ തൊഴിലാളികളുടെ സ്ഥിതിവിവരക്കണക്ക് തയ്യാറാക്കും.
വരുമാനത്തില്‍ പിന്നാക്കം നില്‍ക്കുന്ന പരമ്പരാഗതതൊഴിലാളികള്‍, വീട്ടുജോലിക്കാര്‍, സ്വയംതൊഴില്‍ചെയ്യുന്നവര്‍, വഴിയോരകച്ചവടക്കാര്‍ തുടങ്ങിയ വിഭാഗത്തിന്റെ ക്ഷേമംമുന്‍നിര്‍ത്തി പ്രവര്‍ത്തിച്ചു എന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

സമാപന പരിപാടിയില്‍ സ്വാഗതസംഘം കണ്‍വീനര്‍ എസ് ജയമോഹന്‍, മുന്‍മന്ത്രിമാരും തൊഴിലാളി സംഘടനാനേതാക്കളുമായ എളമരം കരിം , കെ പി രാജേന്ദ്രന്‍, എംപ്ലോയ്മെന്റ് ആന്‍ഡ് ട്രെയിനിങ് ഡയറക്ടര്‍ സൂഫിയാന്‍ അഹമദ്, ലേബര്‍ കമ്മീഷണര്‍ സഫ്ന നസറുദ്ദീന്‍, വെല്‍ഫെയര്‍ അഡീണല്‍ ലേബര്‍ കമ്മീഷണര്‍ രഞ്ജിത്ത് പി. മനോഹര്‍, ടെരുമോ പെന്‍പോള്‍ മുന്‍ എം ഡി സി പത്മകുമാര്‍, പ്ലാനിങ് ബോര്‍ഡ് അംഗം ഡോ. രവി രാമന്‍, ക്രൈസ്റ്റ് യൂണിവേഴ്സിറ്റി അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. ജയേഷ്, ഐ എല്‍ ഒ നാഷണല്‍ പ്രൊജക്റ്റ് കോര്‍ഡിനേറ്റര്‍ കരുണ്‍ ഗോപിനാഥ്, എ അലക്സാണ്ടര്‍, തുടങ്ങിയവര്‍ പങ്കെടുത്തു.

Leave feedback about this

  • Quality
  • Price
  • Service

PROS

+
Add Field

CONS

+
Add Field
Choose Image
Choose Video