തിരുവനന്തപുരം: ഷാനിമോൾ ഉസ്മാൻ ഡപ്യൂട്ടി സ്പീക്കറായി തിരഞ്ഞെടുക്കപ്പെട്ടു. ഷാനിമോൾക്ക് 99 വോട്ടും സിപിഐയിലെ മുഹമ്മദ് മൊഹ്സിന് 34 വോട്ടുമാണ് ലഭിച്ചത്. സ്പീക്കറെ ഒഴിച്ചു നിർത്തിയാൽ സ്വതന്ത്രർ അടക്കം യുഡിഎഫിന് 101 സീറ്റുകളുള്ളതിനാൽ ഷാനിമോൾ ഉസ്മാന്റെ വിജയം ഉറപ്പായിരുന്നു. കേരള നിയമസഭയിലെ നാലാമത്തെ വനിതാ ഡപ്യൂട്ടി സ്പീക്കറാണ് ഷാനിമോൾ ഉസ്മാൻ. 35 വർഷത്തിനു ശേഷമാണ് കേരള നിയമസഭയ്ക്ക് വനിതാ ഡപ്യൂട്ടി സ്പീക്കറെ ലഭിക്കുന്നത്.
അന്തരിച്ച മുൻ കേന്ദ്രമന്ത്രി കെ.പി.ഉണ്ണിക്കൃഷ്ണൻ, മുൻ എംപി കെ.പി.ധനപാലൻ, മുൻ മന്ത്രി ടി.യു.കുരുവിള എന്നിവർക്ക് സ്പീക്കർ തിരഞ്ഞെടുപ്പ് കഴിഞ്ഞ് നിയമസഭ ചരമോപചാരം അർപ്പിക്കും. പ്രതിപക്ഷത്തിന്റെ ആദ്യ അടിയന്തരപ്രമേയവും ഇന്നു സഭയിൽ എത്തും.
തുടർന്ന് സബ്മിഷനും ശ്രദ്ധക്ഷണിക്കലും കഴിഞ്ഞ് ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിനുള്ള നന്ദിപ്രമേയ ചർച്ച നടക്കും. നാളെയും മറ്റന്നാളും ഈ ചർച്ചയുണ്ടാകും. ചോദ്യോത്തരവേള ഇൗ ദിവസങ്ങളിൽ ഒഴിവാക്കി. രണ്ടാഴ്ചത്തെ ഇടവേളയ്ക്കു ശേഷം 19ന് മുഖ്യമന്ത്രി വി.ഡി.സതീശൻ ഇൗ യുഡിഎഫ് സർക്കാരിന്റെ ആദ്യ ബജറ്റ് അവതരിപ്പിക്കും. 22, 23, 24 തീയതികൾ ബജറ്റിൻമേൽ ചർച്ച നടക്കും. തുടർന്ന് ഇടവേളയ്ക്കു ശേഷം 29നാണു സഭ ചേരുക. 29നും 30നും ധനാഭ്യർഥനകളിന്മേലുള്ള ചർച്ചയാണ്. ജൂലൈ ഒന്നിന് ധനവിനിയോഗ ബില്ലിന്മേലുള്ള ചർച്ചകൾ പൂർത്തിയാക്കി സഭ പിരിയും.

Leave feedback about this