മന്ത്രി പി രാജീവ് സ്റ്റുഡിയോ ഉദ്ഘാടനം ചെയ്യും
- വൈകിട്ട് നടക്കുന്ന ചടങ്ങിൽ നടൻ മോഹൻലാൽ മുഖ്യാതിഥിയാകും
കൊച്ചി: കേരളത്തിലെ ഏറ്റവും വലിയ ഇൻഡോർ സ്റ്റുഡിയോയുമായി സംഗീതജ്ഞൻ സ്റ്റീഫൻ ദേവസ്വി. സ്റ്റീഫൻ ദേവസ്വിയുടെ പുതിയ സംരംഭമായ എസ്.ഡി സ്കേപ്സ് സ്റ്റുഡിയോ 18ന് പ്രവർത്തനം ആരംഭിക്കും. വ്യവസായ മന്ത്രി പി.രാജീവ് രാവിലെ 11ന് ഉദ്ഘാടനം നിർവഹിക്കും. വൈകിട്ട് നടക്കുന്ന ചടങ്ങിൽ നടൻ മോഹൻലാലും മറ്റ് സിനിമ താരങ്ങളും മുഖ്യാതിഥികളാകും . നോർത്ത് കളമശ്ശേരി സുന്ദരഗിരിയിൽ പ്രവർത്തനം ആരംഭിക്കുന്ന സ്റ്റുഡിയോ കേരളത്തിലെ ഏറ്റവും വിപുലീകരിച്ചതും വിശാലമായ സൗകര്യത്തോടെയുമാണ് ഒരുങ്ങുന്നത്.
നാനൂറിന് മുകളിൽ വാഹനങ്ങൾക്കുള്ള വിശാലമായ പാർക്കിങ്ങ് സൗകര്യത്തോട് കൂടിയാണ് സ്റ്റുഡിയോ സജ്ജമായത്. ഒറ്റപ്പാലം , സുന്ദരഗിരി എന്നിങ്ങനെ രണ്ട് സ്റ്റുഡിയോകളാണ് എസ്.ഡി സ്കേപ്സിന്റെ പ്രത്യേകത. ഇവിടെ ഇൻഡോർ സ്റ്റുഡിയോ ഷൂട്ടുകൾക്ക് പുറമേ വിവിധ ഇവന്റ് പരിപാടികൾ, സിനിമ സീരിയൽ മേഖലയിലെ വ്യത്യസ്തമായ വിനോദ പരിപാടികൾ, ലൈവ് ഷോകൾ, ഫാഷൻ ഷോകൾ, സംഗീത സദസ്, വിപുലമായ വിവാഹ റിസപ്ഷൻ, കോർപ്പറേറ്റ് ഇവൻസ്, തുടങ്ങി എല്ലാ സൗകര്യങ്ങളും ഒരുങ്ങുന്നു. ദക്ഷിണേന്ത്യയിലെ ഏറ്റവും വിപുലമായ ഇൻഡോർ സ്റ്റുഡിയോ സൗകര്യമാണ് എസ്.ഡി സ്കേപ്സിലൂടെ ഒരുങ്ങുന്നത്. പൂർണമായി ശീതീകരിച്ച സ്റ്റുഡിയോ ഒറ്റപ്പാലത്തിൽ മൂവായിരത്തിലധികം സീറ്റിങ്ങ് കപ്പാസിറ്റിയും, സ്റ്റുഡിയോ സുന്ദരഗിരിയിൽ സ്റ്റേജ് കഴിഞ്ഞ് 800 ലധികം സീറ്റിങ്ങ് കപ്പാസിറ്റിയിയും ഉൾക്കൊള്ളുന്നു. കൂടാതെ ഗ്രീൻ റൂം, ക്യാന്റീൻ സൗകര്യം എന്നിവ ഒരുങ്ങും.

വിശാലമായ സ്റ്റുഡിയോ, ചിത്രീകരണം എളുപ്പമാകും
അത്യാധുനിക സൗകര്യങ്ങളോടെ സജ്ജമാക്കിയ ഷൂട്ടിംഗ് സ്റ്റുഡിയോ ഒറ്റപ്പാലം ചിത്രീകരണലോകത്തിന് പുതിയ അനുഭവം സമ്മാനിക്കും. 17,000 സ്ക്വയർ ഫീറ്റ് വിസ്തീർണ്ണമുള്ള സ്റ്റുഡിയോ ആധുനിക സാങ്കേതിക വിദ്യകളും സൗകര്യങ്ങളും കൊണ്ട് ശ്രദ്ധേയമാണ്. 147 അടി നീളവും 120 അടി വീതിയുമുള്ള ഈ സ്റ്റുഡിയോയ്ക്ക് 40 അടി ഉയരത്തിലുള്ള വിപുലമായ സൗകര്യം ഒരുങ്ങുന്നു. ചുമരുകളിൽ 25 കിലോ ഭാരമൂല്യമുള്ള റിഗ്‌സ് ഘടിപ്പിക്കാവുന്ന ശേഷിയുണ്ട്. കൂടാതെ ഫാഷൻ ഷോകൾ സംഘടിപ്പിക്കുമ്പോൾ വലിയ കാറ്റ്‌വാക്ക് സൗകര്യവും ഒരുങ്ങുന്നു.
മെഗാ പ്രൊഡക്ഷനുകൾ നടത്താൻ കേരളത്തിൽ മറ്റെങ്ങും പോകേണ്ടതില്ല. സ്റ്റുഡിയോയുടെ പിൻഭാഗത്തേക്ക് ട്രക്കുകൾ നേരിട്ട് പ്രവേശിക്കാവുന്ന സംവിധാനം, അഞ്ച് മേക്കപ്പ് റൂമുകൾ, 1 സ്വകാര്യ മുറി, ഒൻപത് ശൗചാലയം, സ്റ്റോർ റൂം, ലോബി & പ്രീ-ഫങ്ഷൻ ഏരിയ എന്നിവ സ്റ്റുഡിയോയുടെ പ്രത്യേക്തകളാണ്. ചിത്രീകരണത്തിനും, ലൈവ് ഷോകൾക്കും, പരസ്യങ്ങൾക്കുമായി വിശാലമായ അവസരങ്ങൾ സ്റ്റുഡിയോ സമ്മാനിക്കും.