തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ കസ്റ്റഡിയിലായിരുന്ന ഉണ്ണികൃഷ്ണൻ പോറ്റിയെ പ്രത്യേക സംഘം അറസ്റ്റ് ചെയ്തു. ശ്രീകോവിലിലെ കട്ടിളപ്പാളിയിലും ദ്വാരപാലക ശില്പങ്ങളിലുമുണ്ടായ സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട രണ്ട് കേസുകളിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
പുലർച്ചെ 2.30ഓടെയാണ് ഉണ്ണികൃഷ്ണൻ പോറ്റിയെ തിരുവനന്തപുരം എസ്‌ഐടി ഓഫീസിൽ എത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തിയത്. തുടർന്ന് വൈദ്യ പരിശോധനയ്ക്കായി ആശുപത്രിയിലേക്ക് മാറ്റി. എസ്ഐടി അന്വേഷണം ആരംഭിച്ച് ആറാം ദിവസമാണ് കേസിൽ നിർണായകമായ ഈ നടപടി ഉണ്ടായത്. പത്ത് മണിക്കൂറിലേറെ നീണ്ട ചോദ്യം ചെയ്യലിനൊടുവിലായിരുന്നു അറസ്റ്റ്.
രണ്ട് കേസുകളിലും ഉണ്ണികൃഷ്ണൻ പോറ്റിയാണ് ഒന്നാം പ്രതി. എസ്‌പി ശശിധരന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം ചോദ്യം ചെയ്യൽ പൂർത്തിയാക്കിയ ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. പുലർച്ചെ 3.40ഓടെ തിരുവനന്തപുരം മെഡിക്കൽ പരിശോധന കഴിഞ്ഞ പ്രതിയെ, ഇന്ന് ഉച്ചയ്ക്ക് 12.30ന് റാന്നി കോടതിയിൽ ഹാജരാക്കാനാണ് തീരുമാനം. രാവിലെ ഏഴ് മണിയോടെ പ്രതിയെ പത്തനംതിട്ടയിലേക്ക് കൊണ്ടുപോകും.