കൊച്ചി:സംസ്ഥാനത്തിന്റെ വിവിധ ഇടങ്ങളിൽ ശക്തമായ മഴ തുടരുകയാണ്. ഇടുക്കിയിൽ ശാഖമായ മഴയാണ് ലഭിക്കുന്നത്. കട്ടപ്പന കുന്തളംപാറയിൽ ഉരുൾപ്പൊട്ടി. കുമളിയിൽ വീടുകളിൽ വെള്ളം കയറി. ഇന്നലെ രാത്രിയിൽ ഉണ്ടായ കനത്ത മഴയിൽ ഇടുക്കി കൂട്ടാറിൽ നിന്നും ഒരു ട്രാവലർ ഒഴുകിപ്പോയി. അതേസമയം മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സ്പില്‍വേ ഷട്ടറുകള്‍ തുറന്നിട്ടുണ്ട്.
മൂന്ന് സ്പില്‍വേ ഷട്ടറുകള്‍ 75 സെന്റീമീറ്റര്‍ വീതമാണ് ഉയര്‍ത്തിയത്. 1063 ഘനയടി വെള്ളം പെരിയാറിലേക്ക് ഒഴുക്കുന്നത്. നിലവില്‍ ഡാമിലെ ജലനിരപ്പ് 138.25 അടിയാണ്. മുല്ലപ്പെരിയാറിലെ മൂന്ന് സ്പില്‍വേ ഷട്ടറുകള്‍ കൂടിയും അടുത്ത ഘട്ടമായി 75 സെന്റീമീറ്റര്‍ വീതം ഉയര്‍ത്തുമെന്ന് തമിഴ്‌നാട് അറിയിച്ചിട്ടുണ്ട്. 137.70 അടിയാണ് റൂള്‍ കര്‍വ് പരിധി. ഇത് മറികടന്നതിന്റെ പശ്ചാത്തലത്തിലാണ് പെട്ടന്ന് തന്നെ സ്പില്‍വേ ഷട്ടറുകള്‍ തുറന്ന് ജലനിരപ്പ് ക്രമീകരിക്കുന്നത്.
ശനിയാഴ്ച പുലര്‍ച്ചേ ഡാമിലെ ജലനിരപ്പ് 3.00 മണിക്ക് 136.00 അടിയില്‍ എത്തി. വൃഷ്ടിപ്രദേശത്ത് ലഭിച്ച മഴമൂലം അണക്കെട്ടിലേക്കുള്ള ജലപ്രവാഹം വര്‍ധിച്ചിട്ടുണ്ട്. പെരിയാര്‍ നദിയുടെ ഇരുകരകളിലും അധിവസിക്കുന്നവര്‍ അതീവ ജാഗ്രത പാലിക്കണമെന്ന് ഇടുക്കി ജില്ലാ ഭരണകൂടം അറിയിച്ചു. അതേസമയം കട്ടപ്പന കുന്തളംപാറയിൽ ഉണ്ടായ ഉരുൾപൊട്ടൽ ഭയാനകമായിരുന്നു. അതിഭയങ്കര ശബ്ദത്തോടെയുണ്ടായ ഉരുൾപൊട്ടലിനെ തുടർന്ന് ശക്തമായ മലവെള്ള പാച്ചിലിൽ റോഡുകളും കൃഷിയിടങ്ങളും ഒലിച്ച് പോയി.
Leave feedback about this