പട്‌ന: വോട്ടിനുവേണ്ടി മോദി എന്തും ചെയ്യുമെന്നും വോട്ടിന് പകരമായി നൃത്തം ചെയ്യണമെന്ന് നിങ്ങള്‍ പറയുകയാണെങ്കില്‍ അദ്ദേഹം വേദിയില്‍ നൃത്തം ചെയ്യുമെന്നും രാഹുൽഗാന്ധി പരിഹസിച്ചു. മുസാഫര്‍പുരില്‍ ആര്‍ജെഡിയുമൊത്തുള്ള സംയുക്ത തിരഞ്ഞെടുപ്പുറാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു രാഹുൽ. നിതീഷ് കുമാറിന്റെ പ്രതിച്ഛായ ഉപയോഗിച്ച് ബിഹാറിനെ ബിജെപി നിയന്ത്രിക്കുകയാണെന്ന് അഭിപ്രായപ്പെട്ട അദ്ദേഹം നിതീഷ് കുമാറിന്റെ ഭരണത്തെയും രൂക്ഷമായി വിമർശിച്ചു.
ഡല്‍ഹിയിലെ മലിനമായ യമുനാനദിയില്‍ ഭക്തര്‍ പ്രാര്‍ഥിക്കുമ്പോള്‍, പ്രധാനമന്ത്രി ‘പ്രത്യേകമായി നിര്‍മിച്ച’ കുളത്തില്‍ മുങ്ങിക്കുളിച്ചെന്ന് രാഹുൽഗാന്ധി വിമർശിച്ചു. ഛാഠ് പൂജയിലെ ചടങ്ങുകൾക്കെത്തിയപ്പോഴുള്ള സംഭവമാണ് രാഹുൽ പറഞ്ഞത്. ‘നരേന്ദ്ര മോദി അദ്ദേഹത്തിന്റെ നീന്തല്‍കുളത്തില്‍ കുളിക്കാന്‍ പോയി. അദ്ദേഹത്തിന് യമുനാ നദിയുമായോ ഛാഠ്പൂജയുമായോ യാതൊരു ബന്ധവുമില്ല. അദ്ദേഹത്തിന് വേണ്ടത് നിങ്ങളുടെ വോട്ടുകള്‍ മാത്രമാണ്.’-രാഹുല്‍ പറഞ്ഞു.
