മലപ്പുറം: നിലമ്പൂർ ഫോറസ്റ്റ് ഓഫീസിനു നേർക്കുണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട് പി.വി അൻവർ എംഎൽഎയെ 14 ദിവസത്തേയ്ക്ക് റിമാൻഡ് ചെയ്തു. ഇന്നലെ രാത്രിയോടെ തവനൂർ സെൻട്രൽ ജയിലിലേക്കാണ് അൻവറിനെ കൊണ്ടുപോയത്. ജാമ്യഹർജിയുമായി ഇന്ന് തന്നെ കോടതിയെ സമീപിക്കാനാണ് അൻവറിന്റെ തീരുമാനം. തവനൂർ ജയിലിലേക്ക് എത്തിക്കുന്നതിന് മുന്നോടിയായി അൻവറിനെ കുറ്റിപ്പുറം താലൂക്ക് ആശുപത്രിയിൽ വച്ച് രണ്ടാം തവണയും വൈദ്യപരിശോധന നടത്തി.
ഫോറസ്റ്റ് ഓഫീസ് തകർത്ത കേസിൽ അൻവർ ഒന്നാം പ്രതിയാണ്. ജാമ്യമില്ലാ വകുപ്പുകൾ അടക്കം ചുമത്തിയ കേസിൽ അൻവർ അടക്കം 11 പ്രതികളാണുളളത്. കൃത്യനിർവഹണം തടയൽ, പൊതുമുതൽ നശിപ്പിക്കൽ അടക്കം വകുപ്പുകളാണ് അൻവറിനെതിരെ ചുമത്തിയത്. അറസ്റ്റിലായ 4 പ്രവർത്തകരും അൻവറിനൊപ്പമുണ്ട്.
ഇന്നലെ രാവിലെ 11.45ഓടെ കാട്ടാന ആക്രമണത്തിൽ ആദിവാസി യുവാവ് കൊല്ലപ്പെട്ടതിലുള്ള ഡിഎംകെയുടെ പ്രതിഷേധത്തോടെയായിരുന്നു സംഭവങ്ങളുടെ തുടക്കം. അൻവറിന്റെ പ്രസംഗത്തിന് പിന്നാലെ മാർച്ച് അക്രമാസക്തമാകുകയും പ്രവർത്തകർ ഫോറസ്റ്റ് ഓഫീസ് ആക്രമിക്കുകയുമായിരുന്നു. എഫ്.ഐ.ആർ തയാറാക്കി മൂന്നാമത്തെ മണിക്കൂറിൽ പൊലിസ് അൻവറിന്റെ ഒതായിയിലെ വീട്ടിലെത്തി.
അറസ്റ്റിന് പിന്നാലെ ശക്തമായി തിരിച്ചുവരുമെന്ന് അറിയിച്ച് അൻവർ ഫേസ്ബുക്കിൽ കുറിപ്പ് പങ്കുവച്ചു.
കുറിപ്പ് ഇങ്ങനെ:
പ്രിയപ്പെട്ടവരെ,
”എന്നെ അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ചത് ജനാധിപത്യവിരുദ്ധമായ ‘വനനിയമ ഭേദഗതി’ക്കെതിരെ നടത്തിയ ജനകീയ യാത്രയുടെ ഭാഗമായി നടന്ന പ്രക്ഷോഭങ്ങളുടെ ഭാഗമായിട്ടാണ്.വന്യമൃഗ അക്രമണങ്ങളിൽ കൊല്ലപ്പെടുകയോ പരിക്കേൽക്കുകയോ ചെയ്യുന്നവർക്ക് നീതി നിഷേധിക്കരുത് എന്ന് മുമ്പും വ്യക്തമാക്കിയിട്ടുള്ളതാണ്. എന്റെ അറസ്റ്റിന്റെ ഭാഗമായി ഒരുതരത്തിലുമുള്ള അനിഷ്ട സംഭവങ്ങളോ,ജനങ്ങളെ ബുദ്ദിമുട്ടിച്ചു കൊണ്ടുള്ള പ്രതിഷേധ പരിപാടികളോ ഉണ്ടായിത്തീരാൻ ഞാൻ ആഗ്രഹിക്കുന്നില്ല.ഇക്കാര്യം അറസ്റ്റ് ചെയ്യപ്പെടും എന്നുറപ്പായ ഈ സന്ദർഭത്തിൽ തന്നെ നേതാക്കളോടും പ്രവർത്തകരോടും പങ്കുവെക്കുകയാണ്. ഞാൻ പുറത്തുവന്നതിനുശേഷം നമ്മൾ ഏറ്റെടുത്ത സമരപരിപാടികളുടെ ഭാഗമായി ജനകീയ പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കുകയും,ശക്തമായ നിയമ പോരാട്ടം സംഘടിപ്പിക്കുകയും,കൂടുതൽ ശക്തിയോടെ മുന്നോട്ടുപോവുകയും ചെയ്യും”
സ്വന്തം
പി.വി. അൻവർ എം.എൽ.എ
മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം നടത്തിയ അറസ്റ്റെന്നായിരുന്നു വീട്ടിൽ നിന്നും അറസ്റ്റ് ചെയ്ത് പുറത്തിറക്കുന്നതിന് മുമ്പ് മാധ്യമങ്ങളോട് അൻവർ നടത്തിയ പ്രതികരണം.
Leave feedback about this