മുംബൈ: താൻ കുളിക്കുന്ന ദൃശ്യങ്ങൾ ഭർത്താവ് രഹസ്യമായി പകർത്തിയെന്നും കാറിൻറെ ലോൺ അടയ്ക്കാൻ പണം നൽകിയില്ലെങ്കിൽ ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിൽ പങ്കുവയ്ക്കുമെന്നു ഭീഷണിപ്പെടുത്തിയെന്നും യുവതി. മഹാരാഷ്ട്ര പുനെയിലെ അംബേഗാവിലാണ് സംഭവം. യുവതിയുടെ പരാതിയെത്തുടർന്ന് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
2020ൽ വിവാഹിതയായ മുപ്പതുകാരി, താൻ മാനസികമായും ശാരീരികമായും പീഡിപ്പിക്കപ്പെടുന്നുണ്ടെന്ന് പരാതിയിൽ ആരോപിക്കുന്നു. മൊബൈൽ ഫോണിൽ ഭർത്താവ് സ്വകാര്യദൃശ്യങ്ങൾ പകർത്തിയിട്ടുണ്ടെന്നും യുവതി പരാതിയിൽ പറയുന്നു. ഭാര്യയുടെ മാതാപിതാക്കളിൽനിന്ന് ഇയാൾ ഒന്നരലക്ഷം രൂപ ആവശ്യപ്പെട്ടിരുന്നു. സംഭവത്തിൽ ഭർത്താവിനും മറ്റ് ആറു പേർക്കുമെതിരേ പോലീസ് കേസെടുത്തു. സാങ്കേതിക തെളിവുകൾ, വീഡിയോ ദൃശ്യങ്ങൾ തുടങ്ങിയവ പരിശോധിച്ചുവരികയാണെന്ന് പോലീസ് പറഞ്ഞു. ഇരുവരും സർക്കാർ ഉദ്യോഗസ്ഥരാണ്.