breaking-news

പാലിയേക്കരയിൽ ടോൾ പിരിവ് നിർത്തി ; കുണ്ടും കുഴിയുമായ റോഡ് ആദ്യം നന്നാക്കാനെന്ന് ഹൈക്കോടതി

തൃശൂർ: പാലിയേക്കരയിലെ ടോള്‍ പ്ലാസയിലെ പിരിവ് നാലാഴ്ചത്തേക്ക് തടഞ്ഞ് ഹൈക്കോടതി ഉത്തരവ്. നാലാഴ്ചയ്ക്കുള്ളില്‍ ദേശീയപാത അതോറിറ്റി ഗതാഗത കുരുക്കിന് പരിഹാരം കാണണമെന്നും കോടതി നിര്‍ദേശം നല്‍കി. ദേശീയപാതയില്‍ ഇടപ്പള്ളി-മണ്ണുത്തി മേഖലയിലെ ഗതാഗതക്കുരുക്കിന് പരിഹാരം കാണാനാകാത്ത സാഹചര്യത്തില്‍ പാലിയേക്കരയില്‍ ടോള്‍ പിരിക്കുന്നത് താത്കാലികമായി തടയണമെന്നാവശ്യപ്പെട്ട് നൽകിയ ഹര്‍ജികളിലാണ് ഹൈക്കോടതി ഉത്തരവ്. ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് ഹരിശങ്കര്‍ വി. മേനോന്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റേതാണ് ഉത്തരവ്.

തൃശൂർ നഗരം വിട്ടാൽ ഏതാനും കിലോമീറ്റര്‍ മാത്രമാണ് ഗതാഗതക്കുരുക്കുള്ളതെന്നും ഇവിടെ സര്‍വീസ് റോഡിലൂടെ ഗതാഗതം തിരിച്ചുവിട്ടിരിക്കുകയാണെന്നും ദേശീയപാത അതോറിറ്റിക്കായി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എ.ആര്‍.എല്‍. സുന്ദരേശന്‍ കോടതിയെ അറിയിച്ചു. ഗതാഗതക്കുരുക്ക് പരിഹരിക്കാനുള്ള നടപടികള്‍ ഉണ്ടാകുന്നുണ്ടെന്ന് സര്‍ക്കാരിനായി ഹാജരായ സ്റ്റേറ്റ് അറ്റോര്‍ണി എന്‍. മനോജ് കുമാറും വിശദീകരിച്ചു.

എന്നാൽ സമാനതകളില്ലാത്ത ഗതാഗതക്കുരുക്ക് തുടരുകയാണ്. ഈ ഗതാഗതകുരുക്കിന് ഇപ്പോഴും പരിഹാരമായിട്ടില്ലെന്ന് ഹര്‍ജിക്കാര്‍ ബോധിപ്പിച്ചു. തുടര്‍ന്ന് ഹര്‍ജികള്‍ ഉത്തരവിനായി മാറ്റുകയായിരുന്നു. തൃശ്ശൂര്‍ ഡിസിസി പ്രസിഡന്റ് ജോസഫ് ടാജറ്റ്, ഷാജി കോടകണ്ടത്ത് തുടങ്ങിയവര്‍ ഫയല്‍ ചെയ്ത ഹര്‍ജികളാണ് ഡിവിഷന്‍ ബെഞ്ച് പരിഗണിച്ചത്. കരാര്‍പ്രകാരമുള്ള സൗകര്യങ്ങള്‍ നല്‍കാതെ ടോള്‍നിരക്ക് വര്‍ധിപ്പിക്കുന്നതിനെയടക്കമാണ് ഹര്‍ജിക്കാര്‍ ചോദ്യം ചെയ്തിരുന്നത്.

തൃശൂർ എറണാകുളം ഹൈവേയിൽ രണ്ട് മണിക്കൂർ ദൈർഘ്യത്തിലുള്ള ദൂരം താണ്ടാൻ മൂന്നര – നാല് മണിക്കൂർ എടുക്കുന്ന സാഹചര്യത്തിൽ കൂടിയാണ് അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് ഒരു സംഘം ആളുകൾ കോടതിയെ സമീപിച്ചിത്. ഒരു മാസത്തിനകം റോഡ് ഗതാഗതം പുനസ്ഥാപിക്കണം എന്നാണ് ആവശ്യം. കൃത്യസയത്ത് റോഡിന്റെ അറ്റകുറ്റപ്പണി സംബന്ധിച്ച റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കുകയും വേണം.

Leave feedback about this

  • Quality
  • Price
  • Service

PROS

+
Add Field

CONS

+
Add Field
Choose Image
Choose Video