കൊച്ചി: പാലക്കാട് കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിക്കുന്ന രമേശ് പിഷാരടി ക്ഷണിച്ചാൽ പ്രചാരണത്തിന് ഇറങ്ങുമെന്ന് നടൻ ആസിഫ് അലി. തന്റെ സ്വപ്നങ്ങളെല്ലാം സിനിമയിലാണെന്നും സ്ഥാനാർത്ഥിയാകാൻ താൽപര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പിഷാരടിയുടെ കഴിവുകളിൽ നല്ല വിശ്വാസമുണ്ട്. വോട്ടർ പട്ടികയിൽ പേരുണ്ടെന്ന് എല്ലാവരും ഉറപ്പാക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.
തിരഞ്ഞെടുപ്പ് പ്രചാരണത്തിന് വരണമെന്ന് ആവശ്യപ്പെട്ട് രമേശ് പിഷാരടി വിളിച്ചിട്ടില്ല. അങ്ങനെ ഒരു വിളി വന്നാൽ ഉറപ്പായിട്ടും പോകും. കാരണം അദ്ദേഹത്തെ വളരെ നന്നായി അറിയുന്ന ആളാണ്. വോട്ടർ പട്ടികയിൽ പേരുണ്ടോ എന്ന് എല്ലാവരും നോക്കണം. വോട്ട് ചെയ്യാതെ ഒരു രാഷ്ട്രീയ പാർട്ടിയെയോ നേതാവിനെയോ കുറ്റം പറയാൻ അവകാശമില്ല. സ്വന്തം വോട്ടവകാശം വിനിയോഗിച്ചതിന് ശേഷം മാത്രമേ അതിനുള്ള സ്വാതന്ത്ര്യമുള്ളൂ’- ആസിഫ് അലി പറഞ്ഞു.
