തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ഓണം വാരാഘോഷത്തിന് സമാപനം കുറിച്ചുകൊണ്ടുള്ള സാംസ്കാരിക ഘോഷയാത്രയ്ക്ക് തലസ്ഥാനനഗരിയിൽ തുടക്കമായി. മാനവീയം വീഥിയിൽ ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ ഫ്ളാഗ് ഓഫ് ചെയ്തു. മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിമാരായ വി ശിവൻകുട്ടി, ജി ആർ അനിൽ, മേയർ ആര്യാ രാജേന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു. 51 കലാകാരന്മാർ മുഴക്കുന്ന ശംഖനാദത്തിന്റെ അകമ്പടിയിൽ വാദ്യോപകരണമായ കൊമ്പ്, മന്ത്രി പി എ മുഹമ്മദ് റിയാസ് മുഖ്യകലാകാരന് കൈമാറിയതോടെ ഘോഷയാത്രയുടെ താളമേളങ്ങൾക്ക് തുടക്കംകുറിച്ചു.

കിഴക്കേകോട്ടയിൽ അവസാനിക്കുന്ന ഘോഷയാത്രയിൽ ആയിരത്തിൽപ്പരം കലാകാരന്മാർ അവതരിപ്പിക്കുന്ന സാംസ്‌കാരിക കലാരൂപങ്ങളും 59 ഫ്‌ളോട്ടുകളും ഉണ്ട്. സർക്കാരിന്റെ വികസന പ്രവർത്തനങ്ങൾ ചിത്രീകരിക്കുന്ന വിവിധ വകുപ്പുകളുടെ 60 ഓളം ഫ്‌ളോട്ടുകളും ഉണ്ട്. 91 ദൃശ്യ- ശ്രവ്യകലാരൂപങ്ങളും ഇന്ത്യൻ ആർമിയുടെ ബാൻഡ് സംഘവും ഘോഷയാത്രയ്ക്ക് നിറവേകുന്നുണ്ട്.
“നാനത്വത്തിൽ ഏകത്വം’ എന്ന പ്രമേയം മുൻനിർത്തി ജാർഖണ്ഡ്, ഉത്തർപ്രദേശ്, മധ്യപ്രദേശ്, മഹാരാഷ്ട്ര, ആന്ധ്രപ്രദേശ്, തെലങ്കാന, കർണാടകം, തമിഴ്‌നാട് എന്നിവിടങ്ങളിൽനിന്നുള്ള ഇന്ത്യൻ ഗ്രാമീണ കലാരൂപങ്ങളും ഘോഷയാത്രയിൽ ഒത്തുചേർന്നു. പൂക്കാവടി, ഓണപ്പൊട്ടൻ, ശിങ്കാരിമേളം, ചെണ്ടമേളം, ആഫ്രിക്കൻ ബാൻഡ്, കിവി ഡാൻസ്, മുയൽ ഡാൻസ്, ഗൊപ്പിയാള നൃത്തം, അലാമിക്കളി, മുറം ഡാൻസ്, ഡ്രാഗൺ തെയ്യം, ഫിഷ് ഡാൻസ് തുടങ്ങിയ കലാരൂപങ്ങളും അണിനിരക്കുന്നുണ്ട്.
33 വേദികളിലായിരുന്നു ഒരാഴ്ച നീണ്ട സംസ്ഥാന സർക്കാരിന്റെ ഓണം വാരാഘോഷം. അവസാനദിവസമടുക്കുമ്പോഴും അനന്തപുരിയിലെ ഓണക്കാഴ്ച കാണാൻ നാനാജാതിമതസ്ഥരാണ് ഒഴുകിയെത്തിയത്.
Leave feedback about this