കൊച്ചി: കൊച്ചിന്‍ കോര്‍പ്പറേഷന്‍ യുഡിഎഫ് തൂക്കിയെന്ന് ഫേസ്ബുക്ക് കുറിപ്പുമായി ഹൈബി ഈഡന്‍ എംപി. മനസ്സിനെ ഏറ്റവും അധികം നിറയ്ക്കുന്ന സന്തോഷം ഗാന്ധി നഗറിലെ നിര്‍മ്മല ടീച്ചറുടെ വിജയമാണെന്നും സാധാരണക്കാരില്‍ സാധാരണയായ ഒരാളുടെ അസാധാരണ വിജയമാണിതെന്നും ഹൈബി ഈഡന്‍ കൂട്ടിച്ചേര്‍ത്തു.
ഹൈബിയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ രൂപം
‘കൊച്ചിൻ കോർപ്പറേഷൻ യു ഡി എഫ് തൂക്കി. എന്നാലും, മനസ്സിനെ ഏറ്റവും അധികം നിറയ്ക്കുന്ന സന്തോഷം ഗാന്ധി നഗറിലെ നിർമ്മല ടീച്ചറുടെ വിജയമാണ്. പദവിയില്ലാതെ, പ്രൗഢിയില്ലാതെ, സാധാരണക്കാരിൽ സാധാരണയായ ഒരാളുടെ അസാധാരണ വിജയം’
കഴിഞ്ഞ തവണ നഷ്ടമായ കൊച്ചി കോർപ്പറേഷൻ ഭരണം ഇത്തവണ തിരികെ പിടിച്ചിരിക്കുകയാണ് യുഡിഎഫ്. 45-നും 50-നും ഇടയിൽ ഡിവിഷനുകളിൽ വിജയിച്ചുകൊണ്ട് യുഡിഎഫ് ഭരണം ഉറപ്പിച്ചിരിക്കുകയാണ്. മേയർ സ്ഥാനാർത്ഥി ദീപ്തി മേരി വർഗീസ് വിജയിച്ചു. ഒപ്പം തന്നെ മേയർ സ്ഥാനാർത്ഥിയായി പരിഗണിക്കപ്പെട്ടിരുന്ന വി കെ മിനിമോളും വിജയിച്ചു.
2020 ല്‍ കോണ്‍ഗ്രസ് വിമതരുടെ കൂടെ പിന്തുണയില്‍ എല്‍ഡിഎഫ് ഭരണം പിടിച്ചെടുത്ത കോർപ്പറേഷനാണ് കൊച്ചി. തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ എല്‍ഡിഎഫ് 34, യുഡിഎഫ് 31, എന്‍ഡിഎ 5, സ്വതന്ത്രർ 4 എന്നിങ്ങനെയായിരുന്നു കക്ഷി നില. കഴിഞ്ഞ തവണ നഷ്ടമായ ഭരണം ഇത്തവണ തിരികെ പിടിക്കുമെന്ന് യുഡിഎഫ് നേതൃത്വം ഒന്നടങ്കം അവകാശപ്പെട്ടിരുന്നു.
അതേസമയം, ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ യുഡിഎഫാണ് മുന്നിട്ടുനില്‍ക്കുന്നത്. ഇടത് കോട്ടകളില്‍ പോലും എല്‍ഡിഎഫിന് അടിപതറിയിരിക്കുകയാണ്. നില മെച്ചപ്പെടുത്തിയിരിക്കുകയാണ് എന്‍ഡിഎ.
