തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് പടിവാതിലിൽ എത്തിനിൽക്കെ മുഖ്യമന്ത്രി പിണറായി വിജയനുമായി മോഹൻലാൽ നടത്തിയ അഭിമുഖം വിവാദത്തിൽ. സർക്കാരിന്റെ പി.ആർ സ്റ്റണ്ടിന്റെ പുതിയ വെർഷനെന്നാണ് പ്രതിപക്ഷ ആരോപണം. സർക്കാരിന്റെ പബ്ലിക്ക് റിലേഷൻ വകുപ്പിന്റെ ചിലവിൽ മോഹൻലാലിനെ രംഗത്തിറക്കി നടത്തിയ അഭിമുഖത്തിനായി വൻ തുക മുടക്കിയെന്നാണ് ആക്ഷേപം. മോഹൻലാലിനെ പോലൊരു സൂപ്പർ താരത്തിനെ രംഗത്തെത്തിച്ച് നടത്തിയ സർക്കാരിന്റെ പി.ആർ പരിപാടി വിവാദവും ഒപ്പം കൗതുകവും നിറയുകയാണ്. മലയാളത്തിന്റെ മഹാനടനായ മോഹൻലാൽ നടത്തിയ അഭിമുഖത്തിന്റെ ടീസർ ഇതിനോടകം തന്നെ വൈറലായി മാറിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ സ്വകാര്യ ജീവിതവും രാഷ്ട്രീയ ജീവിതവും കോർത്തിണക്കിയുള്ള അഭിമുഖമാണ് പുറത്തുവരുക. ഉടൻ തന്നെ സംപ്രേക്ഷണം ചെയ്യുന്ന അഭിമുഖത്തിന്റെ പിന്നിൽ സംവിധായകൻ ടി കെ രാജീവ്കുമാർ അടക്കമുള്ള പ്രമുഖരാണുള്ളത്. അഭിമുഖത്തിന്റെ ടീസർ പുറത്തിറങ്ങിയത് ജനങ്ങൾ ഏറ്റെടുത്തു കഴിഞ്ഞു.
മുഖ്യമന്ത്രിയുടെ പ്രത്യേക താൽപര്യപ്രകാരമാണ് മോഹൻലാൽ ഈ പരിപാടിയുടെ ഭാഗമായതെന്നാണ് വിവരം. ‘കണ്ടിയും മിണ്ടിയും ഇരുവർ’ എന്ന പേരിലാണ് അഭിമുഖം. മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുമായും മോഹൻലാൽ നേരത്തെ അഭിമുഖം നടത്തിയിട്ടുണ്ട്. ‘ഇരുവർ’ എന്നായിരുന്നു ഇതിന്റെ പേര്.
പിണറായി വിജയനുമായി നല്ല ബന്ധം പുലർത്തുന്ന മോഹൻലാൽ, അദ്ദേഹത്തിന്റെ രാഷ്ട്രീയ ജിവിതത്തെയും സർക്കാരിന്റെ പ്രവർത്തനങ്ങളെയും കുറിച്ചുള്ള ചോദ്യങ്ങളുമാണ് ചോദിക്കുന്നത്. ഇഷ്ടപ്പെട്ട നടനാര് എന്ന ചോദ്യത്തിന് രജനികാന്ത് എന്ന് മുഖ്യമന്ത്രി മറുപടി നൽകുന്നുണ്ട്. രണ്ടു ദിവസം കൊണ്ട് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസ്തിയായ ക്ലിഫ് ഹൗസിൽ വച്ചാണ് അഭിമുഖം ചിത്രീകരിച്ചത്. അതീവരഹസ്യമായി നടത്തിയ ചിത്രീകരണത്തെക്കുറിച്ച് അധികമാരെയും അറിയിച്ചില്ല.
ആദ്യ ദിവസം ഇരുവരും തമ്മിൽ അനൗദ്യോഗിക കൂടിക്കാഴ്ച നടത്തി സംസാരിക്കേണ്ട കാര്യങ്ങളെക്കുറിച്ച് ഏകദേശ ധാരണയാക്കി.
പിറ്റേ ദിവസമാണ് എല്ലാ ആധുനിക ഉപകരണങ്ങളുടെയും സഹായത്തോടെ അഭിമുഖം ചിത്രീകരിച്ചത്. ഇന്നലെ സഭാനടപടികൾക്ക് ശേഷം വീട്ടിലേക്ക് മടങ്ങിയ മുഖ്യമന്ത്രി ചിത്രീകരണം പൂർത്തിയാക്കി. സർക്കാർ അമിതമായ പി ആർ വർക്ക് നടത്തുന്നുവെന്ന പ്രതിപക്ഷ ആരോപണങ്ങൾക്കിടെയാണ് മുഖ്യമന്ത്രി–മോഹൻലാൽ അഭിമുഖം എത്തുന്നത്.
