കാഠ്മണ്ഡു: നേപ്പാളിലെ ജെൻസി പ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യൻ പൗരന്മാർക്ക് മുന്നറിയിപ്പുമായി കാഠ്മണ്ഡുവിലെ ഇന്ത്യൻ എംബസി. അടിയന്തര ഘട്ടത്തിൽ ബന്ധപ്പെടാനുള്ള ടെലിഫോൺ നമ്പർ ഔദ്യോഗിക എക്സ് പേജിലൂടെ ഇന്ത്യൻ എംബസി പുറത്തുവിട്ടു. അടിയന്തര സഹായത്തിനോ നിർദേശത്തിനോ +977 – 980 860 2881, +977 – 981 032 6134 എന്ന നമ്പരിൽ ബന്ധപ്പെടണമെന്നും ഇന്ത്യൻ എംബസി അറിയിച്ചു.
നേപ്പാൾ സർക്കാറിന്റെ സമൂഹ മാധ്യമ നിരോധനത്തിൽ പ്രതിഷേധിച്ചാണ് ‘ജെൻ സി’ പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ടത്. തിങ്കളാഴ്ച പാർലമെന്റ് മന്ദിരത്തിലേക്ക് തള്ളിക്കയറാൻ ശ്രമിച്ച പ്രക്ഷോഭകർക്കു നേരെ പൊലീസ് കണ്ണീർ വാതകവും റബർ ബുള്ളറ്റും പ്രയോഗിച്ചു. ഉച്ച മുതൽ രാത്രി 10 വരെ പാർലമെന്റ് പരിസരം ഉൾപ്പെടെ വിവിധ പ്രദേശങ്ങളിൽ കർഫ്യൂ പ്രഖ്യാപിച്ചിരുന്നു. ‘ജെൻസി ’ എന്ന ബാനറിൽ തെരുവിലിറങ്ങിയ പ്രക്ഷോഭകരെ നേരിടാൻ സൈന്യത്തെ വിന്യസിച്ചു. യൂണീഫോമിലുള്ള സ്കൂൾ, കോളജ് വിദ്യാർഥികൾ ഉൾപ്പെടെ പ്രക്ഷോഭത്തിൽ പങ്കെടുക്കുന്നുണ്ട്.