loginkerala breaking-news സി.പി.എം ഗൂഢാലോചന നടത്തിയെന്ന സി.ബി.ഐ വാദം പൊളിഞ്ഞു; പാര്‍ട്ടിക്ക് പങ്കില്ല: എം.വി ഗോവിന്ദന്‍
breaking-news Politics

സി.പി.എം ഗൂഢാലോചന നടത്തിയെന്ന സി.ബി.ഐ വാദം പൊളിഞ്ഞു; പാര്‍ട്ടിക്ക് പങ്കില്ല: എം.വി ഗോവിന്ദന്‍

കൊച്ചി: പെരിയ ഇരട്ടക്കൊല കേസില്‍ പാര്‍ട്ടിക്ക് പങ്കില്ലെന്ന് ആവര്‍ത്തിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. കേസില്‍ സി.പി.എം ഗൂഢാലോചന നടത്തിയെന്ന വാദം പൊളിഞ്ഞു. പാര്‍ട്ടിക്ക് കൊലപാതകവുമായി ബന്ധമില്ല. വിധി പരിശോധിച്ച് അപ്പീല്‍ നല്‍കുമെന്നും ഗോവിന്ദന്‍ വ്യക്തമാക്കി.

സി.പി.എം ഗൂഢാലോചന നടത്തിയതിന്റെ ഭാഗമായി ഇരട്ടക്കൊലപാതകം നടന്നു എന്നാണ് കേസ് ഏറ്റെടുത്ത സി.ബി.ഐ വരുത്തിത്തീര്‍ക്കാന്‍ ശ്രമിച്ചത്. രാഷ്ട്രീയ ലക്ഷ്യം വെച്ച് പാര്‍ട്ടി പ്രവര്‍ത്തകരെയും നേതാക്കന്മാരെയും ഉള്‍പ്പെടുത്തി. തങ്ങള്‍ അന്നേ നിഷേധിച്ചതാണ്. രണ്ടുപേര്‍ കൊല്ലപ്പെട്ടത് പാര്‍ട്ടി ഗൂഢാലോചന നടത്തിയതിന്റെ ഭാഗമായല്ലെന്നാണ് അന്നും, ഇന്ന് കോടതിവിധി വന്നതിന്റെ പശ്ചാത്തലത്തിലും പറയാനുള്ളതെന്നും ഗോവിന്ദന്‍ പറഞ്ഞു.

മുന്‍ എം.എല്‍.എ കുഞ്ഞിരാമനുള്‍പ്പെടെയുള്ളവരുടെ കുറ്റം പൊലീസിന്റെ അന്വേഷണം തടസ്സപ്പെടുത്തി എന്നുള്ളതാണ്. യഥാര്‍ഥത്തില്‍ പൊലീസ് അന്വേഷണത്തെ സഹായിക്കുകയാണ് അവര്‍ ചെയ്തത്. അന്വേഷണം തടസ്സപ്പെടുത്തി എന്നാണ് വിധി വന്നിരിക്കുന്നത്. അതുകൊണ്ടാണ് രണ്ടുതരത്തിലുള്ള വിധി വന്നത്. ഇത് അവസാനത്തെ വാക്കല്ലെന്നും ഉയര്‍ന്ന കോടതികളെ ഇക്കാര്യം ബോധ്യപ്പെടുത്താനുള്ള ശ്രമം നടത്തുമെന്നും ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു.

Exit mobile version