യുഎഇ ഫുഡ് ക്ലസ്റ്ററുമായി ധാരണാപത്രം ഒപ്പുവച്ചു
അബുദാബി : ആഗോള കമ്പനികളുടെയും വിദഗ്ധരുടെയും മികച്ച സാന്നിദ്ധ്യവുമായി, മേക്ക് ഇറ്റ് ഇൻ ദി എമിറേറ്റ്സ്’ അഞ്ചാം പതിപ്പിന് അബുദാബി നാഷനൽ എക്സിബിഷൻ സെന്ററിൽ മികച്ച പ്രതികരണം. ലോകത്തെ വിവിധയിടങ്ങളിൽ നിന്ന് 122,500 സന്ദർശകരും ആയിരത്തിലധികം എക്സിബിറ്റർമാരുമാണ് മേക്ക് ഇറ്റ് ഇൻ ദി എമിറേറ്റ്സിൽ പങ്കെടുക്കുന്നത്. ഭക്ഷ്യോത്പന്നങ്ങൾ, വ്യവസായം, ഫാർമസി, പ്രതിരോധം, നിർമിത ബുദ്ധി, ഊർജം തുടങ്ങിയ പ്രധാന മേഖലകളിൽ വലിയ നിക്ഷേപങ്ങൾക്കും സാധ്യതകൾക്കുമാണ് മേക്ക് ഇറ്റ് ഇൻ ദി എമിറേറ്റ്സ് വഴിതുറക്കുന്നത്.
യുഎഇ ഉത്പന്നങ്ങൾക്ക് ആഗോള വിപണി ഉറപ്പാക്കാൻ ലുലു ഗ്രൂപ്പ്
എമിറാത്തി ഉത്പന്നങ്ങൾക്ക് മികച്ച പിന്തുണയേകിയുള്ള ലുലു ഗ്രൂപ്പിന്റെ പ്രത്യേക പവലിയൻ പ്രദർശനത്തിൽ ശ്രദ്ധ നേടുകയാണ്. യുഎഇ ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് സൈഫ് ബിൻ സായിദ് അൽ നഹ്യാൻ, യുഎഇ വ്യവസായ നൂതന സാങ്കേതിക വകുപ്പ് മന്ത്രിയുമായ ഡോ. സുൽത്താൻ അഹമ്മദ് അൽ ജാബർ, യുഎഇ സാമ്പത്തിക ടൂറിസം മന്ത്രി അബ്ദുല്ല ബിൻ തൗഖ് അൽ മാരി എന്നിവർ ലുലു പവലിയൻ സന്ദർശിച്ചു. യുഎഇ ഉത്പന്നങ്ങൾക്ക് ഏറ്റവും മികച്ച പിന്തുണയാണ് ലുലു നൽകുന്നതെന്നും, പ്രാദശിക ഉത്പന്നങ്ങളുടെ മികവ് ആഗോള തലത്തിൽ ചർച്ചയാകുന്നതിന് മേക്ക് ഇറ്റ് ഇൻ ദി എമിറേറ്റ്സ് പ്രദർശനം കരുത്തേകുമെന്നും ചെയർമാൻ എം.എ യൂസഫലി വ്യക്തമാക്കി.

യുഎഇയിലെ പ്രാദേശിക ഉത്പന്നങ്ങൾക്ക്, മികച്ച വിപണി ലഭ്യമാക്കുന്നതിന്റെ ഭാഗമായി യുഎഇ ഫുഡ് ക്ലസ്റ്ററുമായി ലുലു ധാരണാപത്രം ഒപ്പുവച്ചു. യുഎഇ സാമ്പത്തിക ടൂറിസം മന്ത്രി അബ്ദുല്ല ബിൻ തൗഖ് അൽ മാരി , ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി എന്നിവരുടെ സാന്നിദ്ധ്യത്തിൽ യുഎഇ ഫുജ് ക്ലസ്റ്റർ ചെയർമാൻ സലേഹ് അബ്ദുള്ള ലൂത്ത, ലുലു ഗ്ലോബൽ ഓപ്പറേഷൻസ് ഡയരക്ടർ സലിം എം.എ എന്നിവർ ചേർന്നാണ് ഇതുസംബന്ധിച്ചുള്ള ധാരണാപത്രം ഒപ്പുവച്ചത്.
കൂടാതെ, അൽ തയിബ് ഫുഡ് പ്രോസസിങ്ങ് പ്ലാന്റിന്റെ അബുദാബിയിലെ രണ്ടാം ഘട്ടത്തിന്റെ ലോഞ്ച് എം.എ യൂസഫലിയുടെ സാന്നിദ്ധ്യത്തിൽ യുഎഇ സാമ്പത്തിക ടൂറിസം മന്ത്രി അബ്ദുല്ല ബിൻ തൗഖ് അൽ മാരി നിർവ്വഹിച്ചു. പ്ലാന്റിൽ നിന്നുള്ള ബ്ഹറൈനിലേക്കുള്ള ആദ്യ ഷിപ്പ്മെന്റിന്റെ ഫ്ലാഗ് ഓഫും നടന്നു. പ്രാദേശിക കർഷകർക്കും വലിയ പിന്തുണയേകുന്നതാണ് നീക്കം. യുഎഇ നാഷ്ണൽ ഡയറി ഹയാത്നയുമായും ലുലു ധാരണാപത്രം ഒപ്പുവച്ചു.

Leave feedback about this