കോഴിക്കോട്: അർബുദരോഗ ബാധിതയായ രണ്ടരവയസുകാരിക്ക് സഹായത്തിന്റെ കരങ്ങളുമായി ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി. അർബുദ രോഗത്താൽ ചികിത്സയിൽ തുടരുന്ന വയനാട് കമ്പളക്കാട് സ്വദേശി ആയിഷ ഫിൽസയുടെ മജ്ജമാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് ചികിത്സാ സഹായമായിട്ടാണ് എം.എ യൂസഫലി പത്ത് ലക്ഷം രൂപ കൈമാറിയത്. കുട്ടി ചികിത്സയിൽ തുടരുന്ന കോഴിക്കോട് എം.വി.ആർ ക്യാൻസർ സെന്ററിലെത്തി എം.എ യൂസഫലിയുടെ പ്രതിനിധികളായ ലുലു ഇന്ത്യ മീഡിയ ഹെഡ് എൻ.ബി സ്വരാജ്, കോഴിക്കോട് ലുലു റീജണൽ ഡയറക്ടർ ഷെരീഫ് മാട്ടിൽ എന്നിവർ ചേർന്ന് പത്ത് ലക്ഷം രൂപയുടെ ചെക്ക് ആയിഷ ഫിൽസയുടെ പിതാവ് മുഹമ്മദ് മുസ്തഫ ഫൈസിക്ക് കൈമാറി.
കഴിഞ്ഞ ദിവസമാണ് അർബുദ രോഗത്തെ തുടർന്ന് ചികിത്സ വഴിമുട്ടിയ കുഞ്ഞ് ആയിഷയുടെ വാർത്ത എം.എ യൂസഫലിയുടെ ശ്രദ്ധയിൽപ്പെടുന്നത്. മജ്ജ മാറ്റിവയ്ക്കൽ ചികിത്സയ്ക്കായി 60 ലക്ഷം രൂപ വേണ്ടി വരുമെന്ന കുടുംബത്തിന്റെ അഭ്യർത്ഥന കണ്ടതോടെയാണ് ഉടനടിയുള്ള അദ്ദേഹത്തിന്റെ ഇടപെടലും എത്തിയത്. എം.എ യൂസഫലി കഴിഞ്ഞ ദിവസം സഹായം വാഗ്ദാനം ചെയ്തതിന് പിന്നാലെ ലുലു പ്രതിനിധികൾ കുട്ടിയുടെ മാതാപിതാക്കളെ ബന്ധപ്പെടുകയും ചികിത്സ സഹായത്തുകയായ പത്ത് ലക്ഷം രൂപയുടെ ചെക്ക് കൈമാറുകയും ചെയ്തു.
കോഴിക്കോട് എം.വി.ആർ ക്യാൻസർ സെന്ററിലാണ് ആയിഷയുടെ ചികിത്സ പുരോഗമിക്കുന്നത്. കയ്യിലുള്ള പണമെല്ലാം മകളുടെ ചികിത്സയ്ക്കായി ചിലവാക്കിയതോടെ കുടുംബം വലിയ കടക്കെണിയിലായിരുന്നു. ലുലുഗ്രൂപ്പ് ചെയർമാന്റെ സഹായം എത്തിയതോടെ അദ്ദേഹത്തോടും കുടുംബത്തോടുമുള്ള നന്ദി ഹൃദയത്തിൽ ചാലിച്ചാണ് ആയിഷയുടെ പിതാവ് മുഹമ്മദ് മുസ്തഫ ഫൈസിയും രേഖപ്പെടുത്തിയതും.
പടം അടിക്കുറിപ്പ്:
അർബുദരോഗ ബാധിതയായ രണ്ടരവയസുകാരി ആയിഷ ഫിൽസയുടെ ചികിത്സക്കായി എം.എ യൂസഫലിയുടെ ചികിത്സാ സഹായമായ 10 ലക്ഷം രൂപയുടെ ചെക്ക് ലുലു ഇന്ത്യ മീഡിയ ഹെഡ് എൻ.ബി സ്വരാജ്, കോഴിക്കോട് ലുലു റീജണൽ ഡയറക്ടർ ഷെരീഫ് മാട്ടിൽ എന്നിവർ ചേർന്ന് കുട്ടിയുടെ പിതാവ് മുഹമ്മദ് മുസ്തഫ ഫൈസിക്ക് കൈമാറുന്നു.
