- ദുരിതമറിഞ്ഞ എം.എ യൂസഫലി ഉടനടി ഇടപെട്ടു
കൊല്ലം: പുണ്യ പെരുന്നാൾ ദിനത്തിൽ കാരുണ്യത്തിന്റെ കരങ്ങളുമായി ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി. മുട്ടിന് തേയ്മാനം മൂലം ജീവിത വരുമാനം നിലച്ച ലോട്ടറി കച്ചവടക്കാരനായ കരുനാഗപ്പള്ളി, തഴവ സ്വദേശി ചന്ദ്രശേഖര പിള്ള (59) യ്ക്ക് ഇലക്ട്രിക്ക് സ്കൂട്ടർ വേണമെന്ന അഭ്യർത്ഥനയ്ക്കാണ് ലുലുഗ്രൂപ്പ് ചെയർമാൻ പരിഹാരം കണ്ടെത്തിയത്. മുട്ടിന് തേയ്മാനം വന്നതോടെ പ്രവാസിയായിരുന്ന ചന്ദ്രശേഖര പിള്ള നാട്ടിലെത്തി ലോട്ടറി കച്ചവടം നടത്തിയാണ് ഉപജീവനം കണ്ടെത്തിയത്. വയ്യാത്ത കാലുമായി നടക്കാനോ ഇരിക്കാനോ പറ്റാതെ വന്നതോടെ ഉപജീവനം നിലച്ചു. കഴിഞ്ഞ ഡിസംബറിൽ എം.എ യൂസഫലിക്ക് എത്തിയ അഭ്യർത്ഥന ശ്രദ്ധയിൽപ്പെട്ടതോടെയാണ് അദ്ദേഹം ഉടനടി പരിഹാരം കണ്ടെത്തിയത്.
എം.എ യൂസഫലിക്ക് വേണ്ടി ലുലു ഗ്രൂപ്പ് ഡയറക്ടർ ജോയി ഷഡാനന്ദൻ, ലുലു ഇന്ത്യ മീഡിയ ഹെഡ് എൻ.ബി സ്വരാജ്, എന്നിവർ ചേർന്ന് പുതിയ മുച്ചക്ര ഇലക്ട്രിക്ക് സ്കൂട്ടർ കൈമാറി.തിരുവനന്തപുരം ലുലുമാൾ പി.ആർ.ഒ സൂരജ് അനന്തകൃഷ്ണനും ഒപ്പമുണ്ടായിരുന്നു. പരസഹായമില്ലാതെ നടക്കാൻ പോലും സാധിക്കാത്തതിനാൽ ഏറെ നാളായി ലോട്ടറി കച്ചവടവും നിലച്ചിരുന്നു. ഇലക്ട്രിക്ക് സ്കൂട്ടർ ലഭിച്ചതോടെ ഇനി തഴവയിലും സമീപ പ്രദേശത്തുമെത്തി ലോട്ടറി കട്ടവടം നടത്താനും സാധിക്കും. യൂസഫലി സാർ നൽകിയ സ്നേഹത്തിനും ചേർത്തു പിടിക്കാൻ കാണിച്ച വല്യ മനസിനും എന്നും കടപ്പെട്ടിരിക്കുമെന്ന് ചന്ദ്രശേഖര പിള്ള പ്രതികരിച്ചത്. അദ്ദേഹത്തെ നേരിട്ട് കാണാനുള്ള ആഗ്രഹവും പ്രകടിപ്പിച്ചു.
14 വർഷം പ്രവാസിയായിരുന്നു ചന്ദ്രശേഖരപിള്ള. മസ്കറ്റിലെ കൺസ്ട്രഷൻ കമ്പനിയിലെ ജോലിക്കിടയിലാണ് കാലിന്റെ അസ്തികൾക്ക് തെയ്മാനം ബാധിക്കുന്ന രോഗം ബാധിക്കുന്നത്. ഇതോടെ 2016ൽ നാട്ടിലെത്തിയ ശേഷം ലോട്ടറി കച്ചവടം ആരംഭിച്ചു. കുടുംബം ഉപേക്ഷിച്ച് പോയതിന് ശേഷം സഹോദരി പുത്രന്റെ തണലിലാണ് ഏറെ നാളായി കഴിയുന്നത്.സഹോദരിയുടെ വീടിനോട് ചേർന്ന് ഒരുമുറി ഷെഡ്ഡിലാണ് താമസം.
തിരുവനന്തപുരം മെഡിക്കൽ കോളജ്, പത്മാവതി ആശുപത്രി തുടങ്ങിയ ഇടങ്ങളിലായി നാളുകളായി ചികിത്സയിൽ തുടരുകയായിരുന്നു. ലോട്ടറി കച്ചവടത്തിലൂടെ ദിവസവും 400 രൂപവരെ വരുമാനമുണ്ട്. രോഗം മൂർച്ഛിച്ചതോടെ കച്ചവടം മുടങ്ങി. ഇതോടെ കരുനാഗപ്പള്ളി എം.എൽ.എ സി,ആർ മഹേഷ്, മാധ്യമപ്രവർത്തകനായ അനിൽ മുഹമ്മദിനെ ബന്ധപ്പെടുകയും അനിൽ മുഹമ്മദിന്റെ ഇടപെടലോടെ വിഷയം എം.എ യൂസഫലിക്ക് അരികിലെത്തുകയും ചെയ്തു.
പടം അടിക്കുറിപ്പ്:
കരുനാഗപ്പള്ള സ്വദേശി ചന്ദ്രശേഖരപിള്ളയ്ക്ക് എം.എ യൂസഫലി സമ്മാനിച്ച മുച്ചക്ര ഇലക്ട്രിക്ക് സ്കൂട്ടറിന്റെ താക്കോൽ ലുലു ഗ്രൂപ്പ് ഡയറക്ടർ ജോയി ഷഡാനന്ദനും ലുലു ഇന്ത്യ മീഡിയ ഹെഡ് എൻ.ബി സ്വരാജും ചേർന്ന് കൈമാറുന്നു. മാധ്യമപ്രവർത്തകൻ അനിൽ മുഹമ്മദ്, തിരുവനന്തപുരം ലുലുമാൾ പി.ആർ.ഒ സൂരജ് അനന്തകൃഷ്ണൻ എന്നിവർ സമീപം.

