ബെംഗളൂരു: ബംഗലൂരു ഗോപാലൻ ഗ്രാൻഡ് മാളിൽ പുതിയ ലുലു ഹൈപ്പർമാർക്കറ്റ് പ്രവർത്തനം ആരംഭിച്ചു. 58,516 ചതുരശ്ര അടി വിസ്തീർണ്ണമുള്ള ലുലു ഡെയ്ലി ബംഗളുരൂവിലെ ലുലുവിന്റെ ആറാമത്തെയും ഇന്ത്യയിലെ 18മത്തെയും സ്റ്റോറാണ്. ലുലു ഹൈപ്പർമാർക്കറ്റ് ശ്യംഖല കർണാടകയുടെ എല്ലാ കോണുകളിലും എത്തിക്കുക എന്ന ദൗത്യത്തിന്റെ തുടർച്ചയായ നടപടിയാണിത്.
നഗരത്തിലെ നിലവിലുള്ള അഞ്ച് സ്റ്റോറുകളുടെ വൻ വിജയത്തിന്റെ അടിത്തറയിലും, ബെംഗളൂരുവിലെ ഷോപ്പർമാരിൽ നിന്ന് ലഭിക്കുന്ന മികച്ച പ്രതികരണത്തിന്റേയും ഭാഗമായിട്ടാണ് പ്രവർത്തന വ്യാപനം. 58,516 ചതുരശ്ര അടി വിസ്തീർണത്തിലൊരുക്കിയിരിക്കുന്ന പുതിയ ലുലു ഹൈപ്പർമാർക്കറ്റിൽ 200 വാഹനങ്ങൾക്കുള്ള പാർക്കിങ്ങ് സൗകര്യവും ഒരുക്കിയിട്ടുണ്ട്. പ്രാദേശികമായി 1000ത്തിന് മുകളിൽ തൊഴിൽ അവസരങ്ങൾ നൽകികൊണ്ടാണ് ഗോപാലൻ ഗ്രാൻഡ് മാളിലെ ലുലു ഹൈപ്പർമാർക്കറ്റിന്റെ പ്രവർത്തനം. ലുലു ഗ്രൂപ്പ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ എം.എ യൂസുഫലിയുടെ സാന്നിധ്യത്തിൽ ഗോപാലൻ ഗ്രൂപ്പ് ചെയർമാനും സ്ഥാപകനുമായ സി. ഗോപാലൻ ലുലു ഹൈപ്പർമാർക്കറ്റിന്റെ പ്രവർത്തനങ്ങൾക്ക് തുടക്കമിട്ടു.
പ്രാദേശികമായി തൊഴിൽ അവസരങ്ങൾ ഒരുക്കുന്നതിനൊപ്പം ഏറ്റവും ഗുണമേന്മയോടെ ഫ്രഷ് ഫുഡ്, ഗ്രോസറി ഉത്പ്പന്നങ്ങൾ ഉപഭോക്താക്കളിലേക്ക് എത്തിക്കുകയാണ് ലുലു ലക്ഷ്യമിടുന്നെതെന്നും എം.എ യൂസഫലി പ്രതികരിച്ചു. ഫാമുകളിൽ നിന്ന് നേരിട്ട് ഫാം ഫ്രഷ് പഴങ്ങളും പച്ചക്കറികളും എത്തിച്ചാണ് ലുലു ഹൈപ്പർമാർക്കറ്റിൽ പ്രവർത്തനമെന്നും അദ്ദേഹം പറഞ്ഞു. അന്താരാഷ്ട്ര ശുചിത്വ, ഗുണനിലവാര മാനദണ്ഡങ്ങൾ പാലിച്ചാണ് ലുലു ഡെയ്ലിയുടെ പ്രവർത്തനം. മാംസം, കോഴി, കടൽവിഭവങ്ങൾ എന്നിവയുടെ വിപുലമായ ശേഖരം പുതിയ ലുലു ഡെയ്ലിയിലുണ്ട്. ബേക്കറി, പാനീയങ്ങൾ, ഇന്ത്യൻ, അന്തർദേശീയ ബ്രാൻഡുകളുടെ പായ്ക്ക് ചെയ്ത ഭക്ഷ്യവസ്തുക്കൾ എന്നിവയുൾപ്പെടെയുള്ള ദൈനംദിന പലചരക്ക് വസ്തുക്കളുടെ സമഗ്രമായ ശ്രേണിയും ഉൾപ്പെടും.
ലുലു ഗ്രൂപ്പ് ഇന്ത്യ എക്സിക്യൂട്ടീവ് ഡയറക്ടർ അഷ്റഫ് അലി എം. എ., ലുലു ഗ്രൂപ്പ് ഇന്ത്യ ഡയറക്ടറും സി.ഇ.ഒയുമായ നിഷാദ് എം.എ, ലുലു ഗ്രൂപ്പ് ഇന്ത്യ ഡയറക്ടറും സി.ഒ.ഒയുമായ ഫഹാസ് അഷ്റഫ്, ലുലു ഉത്തർ പ്രദേശ്, ന്യൂ ഡൽഹി, തെലുങ്കാന എന്നീ സംസ്ഥാനങ്ങളുടെ ഡയറക്ടർ ജയകുമാർ ഗംഗാധരൻ , ലുലു കർണാടക റീജണൽ ഡയറക്ടർ ഷെരീഫ് കെ.കെ, ലുലു കർണാടക റീജണൽ മാനേജർ കെ.പി ജമാൽ, ലുലു റീട്ടെയിൽ കർണാടക ജനറൽ മാനേജർ കെ. നൗഷാദ് തുടങ്ങിയവർ പങ്കെടുത്തു.

Leave feedback about this