കൊച്ചി: റിലീസ് ചെയ്ത് ദിവസങ്ങൾക്കുള്ളിൽ പ്രേക്ഷക പ്രശംസ പിടിച്ചുപറ്റി ഹ്രസ്വചിത്രമായ കേസിയ. വിനീത് ശ്രീനിവാസൻ ആലപിച്ച മനോഹരമായ ഗാനം കൂടി ഉൾപ്പെട്ടതോടെ കേസിയ സമൂഹമാധ്യമങ്ങളിൽ ചർച്ചയായി മാറിയിരിക്കുകയാണ്. നവാഗതനായ ശ്യാം കുമാർ ഇ.വി സംവിധാനവും ചിത്രസംയോജനവും ഒരുക്കിയിരിക്കുന്നത്. കഥയും തിരക്കഥയും അഭിനയവും കയ്യടക്കത്തോടെ ഒരുക്കിയിരിക്കുന്നത് ശരത് കുമാർ ഇ.വിയാണ്. നടി ശീതൾ ജോസഫാണ് ഹ്രസ്വചിത്രത്തിൽ നായികയായി എത്തുന്നത്.
വിനീത് ശ്രീനിവാസൻ ആലപിച്ച പറന്നുയരാം എന്ന ഗാനം ഇതിനോടം തന്നെ പ്രേക്ഷകർ ഏറ്റെടുത്തു കഴിഞ്ഞു. കേസിയ” ഒരു ലൂസിഡ് ഡ്രീമിലൂടെയുള്ള യാത്രയാണ്. രാരീഷ് എന്ന യുവാവ് അഞ്ജാതമായ സ്വപ്നത്തിൽ കയറുന്നു, അവിടെ കേസിയയെ കാണുന്നു. ഇവിടെ സംഭവിക്കുന്ന ചില വഴിത്തിരുവകളാണ് കഥ പങ്കുവയ്ക്കുന്നത്. ഇവർ ഒരുമിച്ചുള്ള യാത്രയിൽ അവർ കാണുന്നത് യഥാർത്ഥ ജീവിതത്തിൽ നടക്കുന്നതാണ്, പക്ഷേ ആരും അവരെ കാണുന്നില്ല—കാരണം അത് സ്വപ്നമാണ്. ഇത്തരത്തിൽ യാഥാർത്ഥ്യവും സ്വപ്നവും തിരിച്ചറിയാൻ കഴിയാത്ത വിധത്തിലാണ് കഥ മുന്നോട്ട് പോകുന്നത്. റിലീസിന് പിന്നാലെ തന്നെ കേസിയ സോഷ്യൽ മീഡിയയുടെ പ്രശംസ നേടിക്കഴിഞ്ഞു. ജാംഗോ ബോയിസ് എന്ന യൂട്യൂബ് ചാനലിലൂടെയാണ് കേസിയ പുറത്തുവിട്ടിരിക്കുന്നത്.