തിരുവനന്തപുരം:കേരളത്തില്‍ തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണത്തിനു (എസ്‌ഐആര്‍) കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ തുടക്കമിട്ടിരിക്കുകയാണ്. എസ്.ഐ.ആര്‍ നടപടികള്‍ നീട്ടിവയ്ക്കണമെന്ന് സംസ്ഥാനത്തിന്റെ ആവശ്യം തിരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളി. ഒന്‍പത് സംസ്ഥാനങ്ങള്‍, മൂന്ന് കേന്ദ്ര ഭരണ പ്രദേശങ്ങള്‍ എന്നിവിടങ്ങളിലാണ് രണ്ടാംഘട്ട തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണത്തിനുള്ള നടപടിക്രമങ്ങള്‍ തുടങ്ങിയത്.
കേരളത്തിലെ ചീഫ് ഇലക്ടറല്‍ ഓഫീസറായ രത്തന്‍ യു കേല്‍ക്കര്‍ എസ്.ഐ.ആര്‍ നടപടികള്‍ നീട്ടിവയ്ക്കണമെന്ന് നേരത്തെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനോടു ആവശ്യപ്പെട്ടിരുന്നു. തദ്ദേശ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്നതിനാല്‍ എസ്.ഐ.ആര്‍ നടപടികള്‍ക്കായി ഉദ്യോഗസ്ഥരുടെ ഗണ്യമായ കുറവുണ്ടാകുമെന്ന പ്രശ്‌നം ചൂണ്ടിക്കാട്ടിയാണ് എസ്.ഐ.ആര്‍ നീട്ടിവയ്ക്കാന്‍ ആവശ്യപ്പെട്ടത്. എന്നാല്‍ ഈ ആവശ്യം കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ പൂര്‍ണമായി തള്ളി. എസ്.ഐ.ആര്‍ നടപടികളെ തദ്ദേശ തിരഞ്ഞെടുപ്പ് ഒരുതരത്തിലും ബാധിക്കില്ലെന്നാണ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ പറയുന്നത്.
കേരളത്തില്‍ അവസാനമായി എസ്.ഐ.ആര്‍ നടന്നത് 2002-04 കാലയളവിലാണ്. അന്നത്തെ വോട്ടര്‍ പട്ടിക ആധാരമാക്കിയാകും ഇത്തവണത്തെ എസ്.ഐ.ആര്‍ നടപടികള്‍. അതായത് 2002 ലെ വോട്ടര്‍ പട്ടികയില്‍ ഇല്ലെങ്കില്‍ പൗരത്വം തെളിയിക്കേണ്ടിവരും. അതേസമയം 2002 ലെ വോട്ടര്‍ പട്ടികയില്‍ പേരുള്ളവര്‍ക്കും അവരുടെ മക്കള്‍ക്കും രേഖകളൊന്നും സമര്‍പ്പിക്കാതെ പേര് ചേര്‍ക്കാം. എന്നാല്‍ സ്വന്തം പേരോ മാതാപിതാക്കളുടെ പേരോ 2002 ലെ പട്ടികയില്‍ ഇല്ലാത്തവര്‍ പൗരത്വം തെളിയിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ പറയുന്ന 12 രേഖകളില്‍ ഏതെങ്കിലും ഒന്ന് സമര്‍പ്പിച്ചിരിക്കണം. എങ്കില്‍ മാത്രമേ വോട്ടവകാശം പുനസ്ഥാപിക്കുകയുള്ളൂ.
മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ പ്രഖ്യാപനമനുസരിച്ച് നവംബര്‍ നാല് മുതല്‍ ബിഎല്‍ഒമാര്‍ വീട് സന്ദര്‍ശിക്കും. കരട് പട്ടിക ഡിസംബര്‍ ഡിസംബര്‍ ഒന്‍പതിനും അന്തിമപട്ടിക 2026 ഫെബ്രുവരി ഏഴിന് പുറത്തിറക്കും. നിലവിലെ വോട്ടര്‍പട്ടിക മരവിപ്പിച്ചു.
സംസ്ഥാനം ഭരിക്കുന്ന ഇടതുപക്ഷവും മുഖ്യപ്രതിപക്ഷമായ യുഡിഎഫും എസ്.ഐ.ആര്‍ നടപടികളെ നിശിതമായി എതിര്‍ക്കുന്നു. 2025 ലെ തദ്ദേശ തിരഞ്ഞെടുപ്പിനായി കേരളം ശാസ്ത്രീയമായി തയ്യാറാക്കിയ വോട്ടര്‍ പട്ടിക നിലവിലുണ്ട്. അതുണ്ടായിരിക്കെ 2002 ലെ വോട്ടര്‍ പട്ടിക അടിസ്ഥാനമാക്കി എസ്.ഐ.ആര്‍ നടപടികള്‍ മുന്നോട്ടുകൊണ്ടുപോകുന്നതാണ് എതിര്‍പ്പിനു പ്രധാന കാരണം. പുതിയ പട്ടിക ഉണ്ടായിരിക്കെ എന്തിനാണ് പഴയ പട്ടികയെ അടിസ്ഥാനമാക്കുന്നതെന്നാണ് സിപിഎമ്മും കോണ്‍ഗ്രസും ചോദിക്കുന്നത്.
