തിരുവനന്തപുരം : കോണ്‍ഗ്രസിലെ മുഖ്യമന്ത്രി പോരാട്ടത്തില്‍ പരാജയപ്പെട്ടുവെങ്കിലും നിയമസഭാ കക്ഷിയില്‍ ഇപ്പോഴും ഭൂരിപക്ഷം കെ സി വേണുഗോപാലിന്. അതുകൊണ്ടുതന്നെ കെ സി അനുകൂലികളായ അഞ്ചുമന്ത്രിമാര്‍ വേണമെന്നാണ് അവരുടെ ആവശ്യം. എ.പി. അനില്‍കുമാര്‍, പി.സി. വിഷ്ണുനാഥ്, പഴകുളം മധു, ബിന്ദു കൃഷ്ണ, എം. ലിജു, മാത്യു കുഴല്‍നാടന്‍ എന്നിവരടങ്ങുന്ന ഒരു പട്ടികയാണ് വേണുഗോപാലിന്റെ മനസ്സിലുള്ളതെന്നാണ് സൂചനകള്‍.
മറുഭാഗത്ത്, മുതിര്‍ന്ന നേതാവ് രമേശ് ചെന്നിത്തലയുടെ നിലപാടാണ് ഏവരും ഉറ്റുനോക്കുന്നത്. ചെന്നിത്തലയെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താന്‍ പാര്‍ട്ടിയില്‍ വലിയൊരു വിഭാഗം സമ്മര്‍ദ്ദം ചെലുത്തുന്നുണ്ട്. അദ്ദേഹം മന്ത്രിസഭയുടെ ഭാഗമായാല്‍ സര്‍ക്കാരിന്റെ പ്രതിച്ഛായയ്ക്കും ഭരണമികവിനും അത് ഗുണകരമാകുമെന്നാണ് ഒരു വിഭാഗം നേതാക്കളുടെ വിലയിരുത്തല്‍. ചെന്നിത്തല മന്ത്രിസഭയിലേക്ക് വരികയാണെങ്കില്‍ അദ്ദേഹത്തിന് അര്‍ഹമായ വകുപ്പ് നല്‍കുന്നതിനൊപ്പം അദ്ദേഹത്തോട് അടുപ്പമുള്ള രണ്ട് പേര്‍ക്ക് കൂടി മന്ത്രിസ്ഥാനം നല്‍കേണ്ടി വരും. ഇത് ഗ്രൂപ്പ് സമവാക്യങ്ങളില്‍ മാറ്റം വരുത്താന്‍ ഇടയുണ്ട്. ഐ ഗ്രൂപ്പിന്റെ അവകാശവാദങ്ങള്‍ കൂടി പരിഗണിക്കേണ്ടി വരുന്നത് ഹൈക്കമാണ്ടിന് വലിയ തലവേദനയാണ് സൃഷ്ടിക്കുന്നത്. സാമുദായിക സമവാക്യങ്ങളും പ്രാദേശിക പ്രാതിനിധ്യവും ഒരേപോലെ പരിഗണിക്കേണ്ടി വരുമ്പോള്‍ പല പ്രമുഖരും പുറത്തുപോകേണ്ട സാഹചര്യം ഉണ്ടായേക്കാം. ഇത് പാര്‍ട്ടിയില്‍ അസംതൃപ്തിക്ക് വഴിമാറുമോ എന്ന ഭയത്തിലാണ് നേതൃത്വം.
അതിനിടെ താന്‍ സജീവമായി ഉണ്ടാവുമെന്ന് കെ സി വേണുഗോപാലും തന്റെ അണികളെ അറിയിച്ചിട്ടുണ്ട്. ഹൈക്കമാന്‍ഡ് മുഖ്യമന്ത്രിയായി വി ഡി സതീശനെ പ്രഖ്യാപിച്ചിട്ടും കെ സി പക്ഷത്തുനിന്ന് ഒരാള്‍പോലും കാലുമാറിയിട്ടില്ല. 48 ലേറെ എംഎല്‍എമാര്‍ ഇപ്പോഴും അദ്ദേഹത്തിന് ഒപ്പമാണ്്. ഇത വി ഡി സതീശന് വലിയ തലവേദന തന്നെയാണ്.
ആരൊക്കെ എന്തൊക്കെപ്പറഞ്ഞാലും കോണ്‍ഗ്രസിലെ ട്രബിള്‍ ഷൂട്ടറും ഫണ്ട് റെയ്‌സറുമാണ് കെ സി. കര്‍ണാടക, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങളില്‍ സര്‍ക്കാര്‍ രൂപീകരണത്തിലും ഗ്രൂപ്പ് തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിലും അദ്ദേഹം വഹിച്ച പങ്ക് അദ്ദേഹത്തിന് ‘ട്രബിള്‍ ഷൂട്ടര്‍’ എന്ന പേര് ഉറപ്പിച്ചു നല്‍കി. പുറമെ നമുക്ക് സോഷ്യലിസം പറയാം. പ്രായോഗിക തലത്തില്‍ പണത്തിന് പണം വേണം. 2021-ല്‍െ നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് പരാജയപ്പെടാനുള്ള പ്രധാനകാരണങ്ങളിലൊന്ന് പണത്തിന്റെ അഭാവമായിരുന്നുവെന്ന് പിന്നീട് വിലയിരുത്തലുണ്ടായിരുന്നു. പോസ്റ്റര്‍ ഒട്ടിക്കാന്‍ പോലും കാശില്ലാത്ത വിഷമത്തിലായിരുന്ന അക്കാലത്ത് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ കടന്നുപോയത്. മുസ്ലീം ലീഗിനായിരുന്നു, അന്ന് താരതമേന്യന മെച്ചപ്പെട്ട അവസ്ഥയുണ്ടായിരുന്നത്്. ഇത്തവണ ഭരണത്തിന്റെ തണലില്‍ എല്‍ഡിഎഫും, കേന്ദ്രത്തിന്റെ പിന്തുണയില്‍ ബിജെപിയും വലിയ രീതിയില്‍ പണം ഒഴുക്കിയപ്പോള്‍, കോണ്‍ഗ്രസ് പിടിച്ചുനിന്നത്, കെ സിയുടെ ബദല്‍ നീക്കങ്ങളിലൂടെയാണ്. കെ സി, നിയുക്ത കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്ക് പ്രയങ്കരനായതും അങ്ങനെയാണ്.
തെലങ്കാനയില്‍ മുഖ്യമന്ത്രി രേവന്ത്‌റെഡ്ഡിയും, കര്‍ണ്ണാടകയില്‍ ഡി കെ ശിവകുമാറും, ഇലക്ഷന്‍ ഫണ്ട് കൃത്യമായി എത്തിക്കാന്‍ കെ സിക്ക് കഴിഞ്ഞു. ഓരോ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ക്കും ഇതുവഴി രണ്ടുകോടിരൂപയോളം കിട്ടിയെന്നാണ് അറിയുന്നത്. ഇതോടെ പ്രചാരണച്ചിലവിന് നെട്ടോട്ടമോടേണ്ട അവസ്ഥയില്ലാതെയായി. മാത്രമല്ല, ഓരോ സ്ഥാനാര്‍ത്ഥിയുടെയും പ്രശ്‌നങ്ങള്‍ അറിഞ്ഞ് കൃത്യമായ ഫോളോഅപ്പും, കെ സി വേണുഗോപാല്‍ നടത്തി. എന്നാല്‍ വി ഡി സതീശനാവാട്ടെ മണ്ഡലത്തില്‍വന്ന് പ്രസംഗിച്ച് പോവുന്നതിന് അപ്പുറത്തേക്ക് ഒന്നും ചെയ്തില്ല. പുറമെ ചിത്രത്തില്‍ ഇല്ലായിരുന്നുവെങ്കിലും, സഥാനാര്‍ത്ഥികളുടെ ജയത്തിനുവേണ്ട എല്ലാ അണിയറ നീക്കങ്ങളും നടത്തിയത്, കെ സിയാണ്.
ജനപിന്തുണയില്ലാത്ത നേതാവാണ് കെ സി എന്നതും കുപ്രചാരണമാണ്. ഉമ്മന്‍ചാണ്ടിയെപ്പോലെ കേരളത്തിലെ ബൂത്ത് കമ്മറ്റി പ്രവര്‍ത്തകര്‍ തൊട്ട് എംഎല്‍എമാരോട് വരെ അടുത്ത ഹൃദയബന്ധമുള്ളയാളാണ് കെ സി. 28ാം വയസ്സിലെ കന്നിയങ്കത്തില്‍ മാത്രമാണ് അദ്ദേഹം തോറ്റത്. 2019-ല്‍ മത്സരരംഗത്തുണ്ടായിരുന്നില്ലെങ്കിലും 2024-ല്‍ വീണ്ടും ആലപ്പുഴയില്‍ വന്ന് 63,513 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ ആലപ്പുഴ മണ്ഡലം തിരിച്ചുപിടിച്ചു. ഈ രീതിയില്‍ കേരളത്തിലും ആഴത്തില്‍ വേരുകള്‍ ഉള്ളതുകൊണ്ട് കെ സിയെ ആര്‍ക്കും അവഗണിക്കാനാവില്ല എന്നും ഉറപ്പാണ്.

