ശ്രീനഗർ: ജമ്മു കാഷ്മീരിലെ കുപ്വാരയിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ സൈന്യം വധിച്ചു. നിയന്ത്രണ രേഖയിൽ സംശയാസ്പദമായ നീക്കങ്ങൾ ശ്രദ്ധയിൽപ്പെട്ടതോടെ നടത്തിയ തെരച്ചിലിലാണ് സൈനികർ ഭീകരരെ കണ്ടെത്തിയത്.
ഇതിനിടെ ഭീകരർ സൈനികർക്ക് നേരെ വെടിയുതിർത്തതോടെ സൈന്യം തിരിച്ചടിച്ചു. വെള്ളിയാഴ്ച കുപ്വാരയിലെ കേരൻ സെക്ടറിൽ സുരക്ഷാ ഏജൻസികൾ സംയുക്ത തെരച്ചിൽ ആരംഭിച്ചിരുന്നു. നിയന്ത്രണ രേഖയിലൂടെ നുഴഞ്ഞുകയറ്റ ശ്രമമുണ്ടാകുമെന്ന രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
പ്രദേശത്ത് സുരക്ഷാ സേന തെരച്ചിൽ തുടരുകയാണ്. ഏറ്റുമുട്ടലിൽ രണ്ട് ഭീകരർ കൊല്ലപ്പെട്ടതായി സൈന്യത്തിന്റെ ചിനാർ കോപ്സ് എക്സിൽ കുറിച്ചു.
