കണ്ണൂർ: കേരള മനസാക്ഷിയെ ഒന്നടങ്കം നടുക്കിയ തയ്യിൽ ഒന്നരവയസ്സുകാരൻ വിയാനെ കടലിലെറിഞ്ഞ് കൊലപ്പെടുത്തിയ കേസിൽ അമ്മ ശരണ്യ കുറ്റക്കാരിയെന്ന് കോടതി. കേസിൽ ശരണ്യയുടെ ആൺസുഹൃത്തായ രണ്ടാം പ്രതി നിധിനെ കോടതി തെളിവുകളുടെ അഭാവത്തിൽ വെറുതെ വിട്ടു. തളിപ്പറമ്പ് അഡീഷണൽ ജില്ലാ സെഷൻസ് കോടതിയാണ് കേസിൽ ശരണ്യ കുറ്റക്കാരിയെന്ന് വിധിച്ചത്.
നിധിനെതിരെ ഗൂഢാലോചന അടക്കമുള്ള കുറ്റങ്ങളാണ് ചുമത്തിയിരുന്നത്. ഇത് തെളിയിക്കാൻ പ്രോസിക്യൂഷനായില്ലെന്ന് വിധിയിൽ പറയുന്നു. എന്നാൽ ശരണ്യയ്‌ക്കെതിരെ ശക്തമായ തെളിവുകൾ പ്രോസിക്യൂഷന് ഹാജരാക്കാനായി. കടൽ തീരത്തെ ഉപ്പുവെള്ളത്തിന്റെ അംശം പറ്റിയ വസ്ത്രങ്ങളും ചെരിപ്പുമടക്കമുള്ള തെളിവുകൾ ഹാജരാക്കി. കുഞ്ഞിന് മുലപ്പാൽ നൽകി മണിക്കൂറുകൾക്കുള്ളിലാണ് കൊലപാതകം നടത്തിയതെന്ന് കണ്ടെത്തിയിരുന്നു.
കേസിൽ പ്രതിയാക്കപ്പെട്ടെങ്കിലും തനിക്കിതിൽ പങ്കില്ലെന്ന് നിധിൻ വാദിച്ചിരുന്നു. ശരണ്യയുമായി ബന്ധമുണ്ടായിരുന്നെങ്കിലും കൊലപാതകത്തിൽ പങ്കില്ലെന്നും ശരണ്യയ്ക്ക് മറ്റൊരാളുമായും ബന്ധമുണ്ടെന്നും നിധിൻ വാദിച്ചിരുന്നു. നാർക്കോ അനാലിസിസിന് ഉൾപ്പെടെ വിധേയനാകാൻ തയ്യാറാണെന്ന് നിധിൻ അറിയിച്ചിരുന്നു. അതേസമയം നിധിനുമായി 20 ലധികം തവണ ശരണ്യ ഫോൺ വിളിച്ചിരുന്നുവെന്നത് അടക്കമാണ് തെളിവുകളായി പ്രോസിക്യൂഷൻ ഹാജരാക്കിയത്. മാത്രമല്ല കേസിൽ അന്വേഷണ ഉദ്യോഗസ്ഥന് വീഴ്ചയുണ്ടായെന്നും കോടതി വിലയിരുത്തിയിട്ടുണ്ട്.
