ദുബായ്∙ കുവൈത്തിലെ എണ്ണ ശുദ്ധീകരണശാലക്ക് നേരെ ഇറാന്റെ ഡ്രോൺ ആക്രമണം. ആക്രമണത്തിൽ മിന അൽ അഹമ്മദി എണ്ണ ശുദ്ധീകരണശാലയ്ക്ക് തീപിടിച്ചു. തീ അണയ്ക്കാനുള്ള ശ്രമം തുടങ്ങിയെന്ന് കുവൈത്ത് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ആളപായമില്ല എന്ന് അധികൃതർ പറഞ്ഞു.
ഇറാനുമായുള്ള യുദ്ധം കൊടുമ്പിരി കൊണ്ടിരിക്കുന്നതിനിടെ കരസേന മേധാവി റാൻഡി ജോർജിനെ പുറത്താക്കി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സൈത്ത്. സൈനിക മേധാവി സ്ഥാനത്തുനിന്ന് ഉടൻ വിരമിക്കണമെന്ന് സമൂഹമാധ്യമത്തിലെ പോസ്റ്റിലൂടെ ഹെഗ്സെത്ത് റാൻഡിയോട് ആവശ്യപ്പെട്ടു. യുദ്ധത്തിനിടെ അപൂർവമായാണ് ഇത്തരമൊരു നടപടി. റാൻഡി ജോർജിനെ പുറത്താക്കിയത് പെന്റഗണും സ്ഥിരീകരിച്ചിട്ടുണ്ട്.
അതിനിടെ, യുഎസ് പ്രസിഡന്റ് ട്രംപിന്റെ പ്രസംഗത്തിന്റെ സംപ്രേഷണം ആരംഭിക്കുംമുൻപും നടന്നുകൊണ്ടിരിക്കുമ്പോഴും ടെൽ അവീവിലും ദോഹയിലും ദുബായിലും ഇറാന്റെ മിസൈൽ ആക്രമണ മുന്നറിയിപ്പായി സൈറണുകൾ മുഴങ്ങി.
