പ്രത്യേക ലേഖകൻ
കോഴിക്കോട്: രമേശ് ചെന്നിത്തലയ്‌ക്കെതിരെ അസ്ഥാനത്ത് മറുപടിയുമായി കെ മുരളീധരൻ രംഗത്തെത്തിയതോടെ രമേഷ് ചെന്നിത്തലയുടെ മുഖ്യമന്ത്രി സ്ഥാനം അസ്ഥാനത്താകുമോ?നിലവിൽ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പ് ഉടൻ പ്രഖ്യാപിക്കാനിരിക്കെ ആരാകും മുഖ്യമന്ത്രിയെന്ന ചോദ്യം ഇരു മുന്നണികളിലും ഉയരുകയാണ്. രമേശ് ചെന്നിത്തലയോ വിഡി സതീശനോ പ്രതിപക്ഷ നിരിയിൽ നിന്ന് മുഖ്യമന്ത്രിക്കസേര സ്വപനം കാണുമ്പോൾ ഇടത് നിരയിൽ പുതിയ മാറ്റം കാണുമോ എന്ന ആകാംഷയും പാർട്ടി പ്രവർത്തകരിലുണ്ട്. മൂന്ന് തവണ മുഖ്യമന്ത്രിയാകുമോ പിണറായി വിജയൻ എന്ന ആശങ്ക ഇടതിലെ മറ്റ് ഘടകകക്ഷികളിൽ കത്തി നിൽക്കെ പുതുമുഖം മുഖ്യമന്ത്രിക്കസേരയിൽ എത്തുമോ എന്നതും സസ്പെൻസാണ്. നിലവിൽ സി.പി.എമ്മിന് തന്നെയാണ് മുന്നണി ധാരണ പ്രകാരം മുഖ്യമന്ത്രിക്കസേര നൽകുക. അങ്ങനെയാണെങ്കിൽ അത് ആര് എന്നതും ചോദ്യമാണ്. ഷൈലജ ടീച്ചറെ ലോക്സഭയിലേക്ക് മത്സരിപ്പിച്ചത് തന്നെ വെട്ടിനിരത്തിൽ എന്ന വ്യാഖ്യാനം ഉയരുമ്പോഴാണ് ഇനിയും ഷൈലജ ടീച്ചർക്ക് അവസരം ഒരുക്കണം എന്ന അഭിപ്രായം ഉയരുന്നത്.
ഇടത് മുന്നണിയിൽ സീറ്റിനായി പടലപിണക്കങ്ങൾ കുറവാണെങ്കിൽ മറിച്ചാണ് യു.ഡി.എഫിന്റെ അവസ്ഥ. രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്കുപ്പാഴം തുന്നി ഏറെ നാളായി കാത്തിരിക്കുകയാണ്. പ്രതിപക്ഷ നേതാവ് സ്ഥാനം അടിച്ചെടുത്ത വി.ഡി സതീശനും മുഖ്യമന്ത്രിയാകണമെന്ന് അഭിപ്രായം ഉയരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ ശിവഗിരി മഠത്തിലെത്തി നാരായണീയ സമൂഹത്തിന്റെ പിന്തുണ പിടിച്ചു പറ്റിയതോടെ എസ്.എൻ.ഡി.പി ഒപ്പം ഉണ്ടാകുമെന്ന കാര്യം ചെന്നിത്തലയ്ക്ക് ഉറപ്പായി. എന്നാൽ പിന്നീട് നായർ സർവീസ് സൊസൈറ്റിയുടെ മന്നം വാർഷികത്തിൽ ചെന്നിത്തല പങ്കെടുത്തതും നാടകീയമായി.
എൻ.എസ്.എസിന്റെ പുത്രനാണ് ചെന്നിത്തലയെന്ന് സുകുമാരൻ നായരുടെ അമ്മാവൻ നിലപാട് എത്തിയതോടെ കഴിഞ്ഞ ദിവസങ്ങളിൽ പരോക്ഷമായി എതിർത്ത് വെള്ളിപ്പള്ളി നടേശൻ തന്നെ രംഗത്തെത്തുകയും ചെയ്തു. മുഖ്യമന്ത്രിയാകേണ്ട ആൾ ഒരു സമുദായത്തിന്റെ മാത്രം പ്രതിനിധി ആകുന്നത് എങ്ങനെ എന്നായിരുന്നു വെള്ളിപ്പള്ളിയുടെ ചോദ്യം. എന്നാൽ വെള്ളിപ്പള്ളി ചെന്നിത്തലയെ ഫോണിൽ വിളിച്ചതും സൊറ പറച്ചിൽ കഴിഞ്ഞതോടെ ആ പ്രശ്നം രമ്യതയിലായി. പാണക്കാട് യോഗത്തിലേക്കും. മുസ്ലീം പണ്ഡിതന്മാരെ കണ്ട് പിന്തുണ തേടുന്നതിലും ചെന്നിത്തല പിന്നോട്ട് പോയില്ല. ക്രിസ്തീയസമൂഹത്തിന്റെ പിന്തുണ ചെന്നിത്തലയ്ക്ക് എല്ലാക്കാലത്തും കിട്ടാറുമുണ്ട്. മന്നം ആഘോഷത്തിൽ ചെന്നിത്തല പ്രസംഗിക്കുമ്പോൾ തന്നെ വി.ഡി സതീശൻ തിരുവനന്തപുരത്ത് വാർത്താ സമ്മേളനം വിളിച്ചതും ചില്ലറയൊന്നുമല്ല ആശങ്ക. കോൺഗ്രസിൽ വീണ്ടും ഗ്രൂപ്പ് ഭൂകമ്പം പുറപ്പെടുമോ എന്നാണ് നിരീക്ഷണം. ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിന് ശേഷം ഒറ്റക്കെട്ടായി നിലകൊള്ളുന്ന കോൺഗ്രസ് സീറ്റിനു വേണ്ടി പിളരുമോ എന്നതാണ് ആശങ്ക.
യോഗ്യരായി ചെന്നിത്തലയും വി.ഡി സതീശനും ഇനി അതുമല്ലെങ്കിൽ ഹൈക്കമാന്റ് പറഞ്ഞാൽ ഞാനും റെഡിയെന്ന രീതിയിലാണ് കെ മുരളീധരനും നിലകൊള്ളുന്നത്. ഈ അവസരത്തിൽ ലീഗ് മുഖ്യമന്ത്രിക്കസേര ചോദിച്ചാൽ എല്ലാം ശുഭമാകും. ആരെങ്കിലും പുകഴ്ത്തിയെന്നു പറഞ്ഞ് മുഖ്യമന്ത്രിയാകില്ലെന്നായിരുന്നു ചെന്നിത്തലയ്ക്കെതിരെ മുരളീധരൻ വെടിപൊട്ടിച്ചത്. മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങളും എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരും അടക്കമുള്ളവര്‍ ചെന്നിത്തലയെ പുകഴ്ത്തി സംസാരിച്ചതിന് പിന്നാലെയാണ് മുരളീധരന്റെ ഒളിയമ്പ്. കോണ്‍ഗ്രസിന് ചില ചിട്ടവട്ടങ്ങളുണ്ടെന്നും നിയമസഭാകക്ഷിയുടെ ഭൂരിപക്ഷം നോക്കേണ്ടതുണ്ടെന്നും അദ്ദേഹം ആവർത്തിക്കുകയും ചെയ്തു.
ഡല്‍ഹിയുടെ അഭിപ്രായം അറിയണം. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും രാഹുല്‍ ഗാന്ധിയും ഉള്ളപ്പോള്‍ ഈ വിഷയം ഇവിടെ ചര്‍ച്ചചെയ്യേണ്ട ഒരാവശ്യവുമില്ലെന്നും കെ മുരളീധരന്‍ പറഞ്ഞു..എല്ലാവരും എല്ലാവരെയും പുകഴ്ത്താറുണ്ട്. ആരും ഇകഴ്ത്താറില്ല. ഇത് ഇവിടെ വെറുതെ ചര്‍ച്ചചെയ്യേണ്ട ഒരാവശ്യവുമില്ല. എല്ലാ സമുദായങ്ങളും കോണ്‍ഗ്രസുകാരെ സ്വീകരിക്കുന്നത് നല്ലകാര്യമല്ലേ. ഗ്രൂപ്പിന്റെയൊക്കെ കാലഘട്ടം അസ്തമിച്ചു. അതിനൊന്നും ഇനി പ്രസക്തിയില്ല. അതിനൊന്നും പ്രവര്‍ത്തകരെയും കിട്ടില്ല. ഇതൊക്കെ നേതാക്കന്മാര്‍ക്ക് ഓരോ സ്ഥാനം കിട്ടാനുള്ള സംവിധാനമാണ് ഗ്രൂപ്പിസമെന്ന് എല്ലാവര്‍ക്കും മനസിലായെന്നായിരുന്നു മുരളീധരന്റെ മറുപടി. കേസര സ്വപ്നം കണ്ടവരും കസേരയ്ക്കായി അടിപിടി കൂടുന്നവരും മറുപാളയത്തിൽ തുടരുമ്പോൾ ഇടത് പക്ഷത്തിന്റെ സസ്പെൻസ് എന്താകുമെന്നാണ് അറിയേണ്ടത്.