കൊച്ചി: ഷൈന്‍ ടോം ചാക്കോയുടെ ലഹരി ഉപയോഗം വീണ്ടും ചര്‍ച്ചയായ സാഹചര്യത്തില്‍ കൊക്കെയ്ന്‍ കേസിലെ വിചാരണക്കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കാന്‍ സര്‍ക്കാര്‍. എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതി വിധിക്കെതിരെ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കും. വിചാരണക്കോടതി ഉത്തരവ് പരിശോധിച്ച ശേഷം പ്രൊസിക്യൂഷന്‍ തീരുമാനമെടുക്കും.
അന്വേഷണ സംഘത്തിന് കനത്ത തിരിച്ചടി നല്‍കുന്നതായിരുന്നു ഷൈനെ കുറ്റവിമുക്തനാക്കിക്കൊണ്ടുള്ള വിചാരണക്കോടതിയുടെ വിധി. അന്വേഷണ സംഘത്തിന്റെ വീഴ്ചകള്‍ വിചാരണക്കോടതി എണ്ണിപ്പറഞ്ഞിരുന്നു. നടപടിക്രമങ്ങള്‍ പാലിച്ചല്ല അന്വേഷണം പൂര്‍ത്തിയാക്കിയതെന്ന് കോടതി വിമര്‍ശിച്ചു. നടനും സുഹൃത്തുക്കളും കൊക്കെയ്ന്‍ ഉപയോഗിച്ചോ എന്ന് പൊലീസ് പരിശോധിച്ചില്ലെന്നും പിടിച്ചെടുത്ത കൊക്കെയ്‌ന്റെ ഘടകങ്ങള്‍ വേര്‍തിരിച്ച് പരിശോധിക്കാനോ സെര്‍ച്ച് മെമ്മോയില്‍ രേഖപ്പെടുത്താനോ അന്വേഷണ സംഘം തയ്യാറായില്ലെന്നും കോടതി കുറ്റപ്പെടുത്തി. വനിതാ പ്രതികളെ പരിശോധിച്ചത് വനിതാ പൊലീസ് ആയിരുന്നില്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു. ഈ വിധിക്കെതിരെയാണ് സര്‍ക്കാര്‍ അപ്പീല്‍ പോയത്.
2015 ജനുവരിയിലായിരുന്നു കൊക്കെയ്ന്‍ കേസില്‍ ഷൈന്‍ ടോം ചാക്കോ അറസ്റ്റിലായത്. ഇതിഹാസ എന്ന ചിത്രത്തില്‍ നായക കഥാപാത്രത്തെ അവതരിപ്പിച്ച് ശ്രദ്ധേയനായി നില്‍ക്കുന്ന സമയത്തായിരുന്നു ഈ കേസ് ഉയര്‍ന്നുവരുന്നത്. കൊച്ചിയില്‍ നിശാ പാര്‍ട്ടിയില്‍ ലഹരി ഉപയോഗിക്കുന്നതായി ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് വ്യാപക തിരച്ചില്‍ നടത്തിയിരുന്നു. ഇതിനിടെ കലൂര്‍-കടവന്ത്ര റോഡിലെ ഫ്‌ളാറ്റില്‍ നിന്ന് ഷൈനും സുഹൃത്തുക്കളായ ബ്ലെസി സില്‍വസ്റ്റര്‍, രേഷ്മ രംഗസ്വാമി, ടിന്‍സി ബാബു, സ്‌നേഹ ബാബു എന്നിവരും പിടിയിലായി. ഫ്‌ളാറ്റിലെ ഫ്രിഡ്ജില്‍ സൂക്ഷിച്ച നിലയില്‍ പത്ത് പായ്ക്കറ്റ് കൊക്കെയ്ന്‍ കണ്ടെത്തിയെന്നായിരുന്നു അന്വേഷണ ഉദ്യോഗസ്ഥര്‍ അന്ന് പറഞ്ഞത്. കേരളത്തിലെ ആദ്യ കൊക്കെയ്ന്‍ കേസായി ഇത് രജിസ്റ്റര്‍ ചെയ്യപ്പെട്ടു. മാസങ്ങള്‍ നീണ്ട ജയില്‍ വാസത്തിന് ശേഷമായിരുന്നു ഷൈന്‍ പുറത്തിറങ്ങിയത്.
Leave feedback about this