തിരുവനന്തപുരം: കേന്ദ്രതെരഞ്ഞെടുപ്പ് കമ്മിഷന്റെ കണക്ക് പ്രകാരം വോട്ടര്‍മാരുടെ ലിംഗാനുപാതത്തില്‍ കേരളം ഇന്ത്യയില്‍ രണ്ടാം സ്‌ഥാനത്തെത്തി. ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം സംസ്‌ഥാനത്ത് 1,43,36,133 സ്‌ത്രീ വോട്ടര്‍മാരുണ്ട്. ഇത് മൊത്തം വോട്ടര്‍മാരുടെ 51.56 ശതമാനം ആണ്. സംസ്‌ഥാനത്ത് മൊത്തം രേഖപ്പെടുത്തിയ വോട്ടിന്റെ 52.09 ശതമാനം സ്‌ത്രീകളാണെന്നതും ശ്രദ്ധേയമാണ്. 1000 പുരുഷ വോട്ടര്‍മാര്‍ക്ക് 946 സ്‌ത്രീ വോട്ടര്‍മാര്‍ എന്ന ദേശീയ ശരാശരിയെക്കാള്‍ കൂടുതലാണ് നിലവില്‍ കേരളത്തിലെ വോട്ടര്‍മാരുടെ ലിംഗാനുപാതം.
2024 ലെ ലോകസഭാ പൊതുതെരഞ്ഞെടുപ്പില്‍ രജിസ്‌റ്റര്‍ ചെയ്‌ത സ്‌ത്രീ വോട്ടര്‍മാരില്‍ 71.86 ശതമാനം സമ്മതിദാനാവകാശം വിനിയോഗിച്ചു. 2024-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വിദേശ വോട്ടര്‍മാരുടെ രജിസ്‌ട്രേഷനിലും പോളിങ് ശതമാനത്തിലും കേരളം മുന്നിലെത്തി. കേരളത്തില്‍ രജിസ്‌റ്റര്‍ ചെയ്‌ത 89,839 വിദേശ വോട്ടര്‍മാരില്‍ 83,765 പുരുഷന്മാരും 6,065 സ്‌ത്രീകളും ഒന്‍പതു പേര്‍ ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തില്‍പ്പെട്ടവരുമാണ്. ഇന്ത്യയുടെ വിദേശ വോട്ടര്‍മാരില്‍ ഏറ്റവും കൂടുതല്‍ കേരളത്തില്‍നിന്നുള്ളവരാണ്. രാജ്യത്തുടനീളം 1,19,374 വിദേശ ഇലക്‌ടര്‍മാര്‍ രജിസ്‌റ്റര്‍ ചെയ്‌തതില്‍ 2,958 പേര്‍ തിരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തി.