ഐ എസ് എൽ മത്സരം മുടക്കാൻ ഗൂഢസംഘം പ്രവർത്തിച്ചു
കൊച്ചി: മെസി വരുമെന്ന് തെറ്റിദ്ധരിപ്പിച്ച് 70 കോടി രൂപയുടെ നവീകരണം നടത്തിയ കലൂർ രാജ്യാന്തര സ്റ്റേഡിയം ചോർന്നൊലിച്ചത് അപമാനകരമാണെന്ന് ഡിസിസി പ്രസിഡന്റ് മുഹമ്മ്ദ് ഷിയാസ്. നവീകരണം പൂർത്തിയാക്കിയ സ്റ്റേഡിയത്തിലെ മേൽക്കൂരയുടെ പല ഭാഗങ്ങളും തകർന്ന നിലയിലാണ്. ബലക്ഷയമുള്ള മേൽക്കൂരയ്ക്ക് കീഴിലാണ് പതിനായിരക്കണക്കിന് ആളുകൾ പങ്കെടുക്കുന്ന മത്സരങ്ങൾ നടക്കുന്നത്. ഒരു ദുരന്തമുണ്ടായാൽ ആര് ഉത്തരവാദിത്വം പറയും. 70 കോടി രൂപ ചെലവഴിച്ച് എന്ത് നവീകരണ പ്രവർത്തനങ്ങളാണ് സ്റ്റേഡിയത്തിൽ നടത്തിയതെന്നും ഷിയാസ് ചോദിച്ചു.
ഗ്യാലറിയിൽ കസേര മാറ്റാൻ വേണ്ടി മാത്രമാണോ 70 കോടി രൂപ ചെലവഴിച്ചത്. സ്പോൺസർക്ക് കൈമാറും മുൻപ് ലക്ഷങ്ങൾ ചെലവഴിച്ച് ജിസിഡിഎ എന്ത് നവീകരണ പ്രവർത്തനമാണ് സ്റ്റേഡിയത്തിൽ നടത്തിയത്. ഈ പണമെല്ലാം എങ്ങോട്ട് പോയി. സ്റ്റേഡിയം നവീകരണം സംബന്ധിച്ച വിവരങ്ങൾ ജിസിഡിഎ പരസ്യപ്പെടുത്തണമെന്നും ഷിയാസ് ആവശ്യപ്പെട്ടു. .
സ്റ്റേഡിയം നവീകരണത്തിന്റെ മറവിൽ കള്ളപ്പണം വെളുപ്പിക്കൽ നടന്നുവെന്ന ആരോപണത്തിന് ബലമേകുന്നതാണ് സ്റ്റേഡിയം ചോർന്നൊലിച്ചത്. . സ്റ്റേഡിയം കോംപ്ലക്‌സിലെ ടോയ്‌ലെറ്റുകളിൽ വെളിച്ചം പോലുമില്ലാത്ത സ്‌ഥിതിക്ക് ആരാണ് ഉത്തരവാദി. മേല്‍ക്കുര മാത്രമല്ല, സ്റ്റേഡിയത്തിനകത്ത് പലയിടത്തും നവീകരണം നടന്നിട്ടില്ലെന്ന് പരാതിയുണ്ട്. ഒരു നവീകരണവും നടക്കാത്ത മീഡിയ റൂം ഉള്‍പ്പെടെ മുമ്പുണ്ടായിരുന്ന സ്ഥിതിയേക്കാള്‍ മോശം നിലവാരത്തിലുമാണ്. നിലവാരം കുറഞ്ഞ കസേരകളാണ് കാണികള്‍ക്ക് ഇരിപ്പിടമായി സ്ഥാപിച്ചിരിക്കുന്നതെന്നും ഷിയാസ് ആരോപിച്ചു.
ഐ എസ് എൽ മത്സരം അവസാന നിമിഷം വരെ പ്രതിസന്ധിയിലാക്കാൻ ജില്ലയിലെ ഒരു എം എൽ എ യുടെ നേതൃത്വത്തിൽ ഒരു ഗൂഢ സംഘം പ്രവർത്തിച്ചു. ഇതിനു പിന്നിൽ സാമ്പത്തിക താല്പര്യം ഉണ്ടോയെന്ന് ജിസിഡിഎ ചെയർമാൻ വ്യക്തമാക്കണം. വാടക കുറയ്ക്കുമെന്ന് ജിസിഡിഎ ചെയർമാൻ വാർത്താസമ്മേളനം വിളിച്ച് പ്രഖ്യാപിച്ചത് എക്സിക്യൂട്ടീവ് കമ്മിറ്റിയുമായി ആലോചിക്കാതെയാണോ? അല്ലങ്കിൽ ആരാണ് ചെയർമാനെ ഒറ്റപ്പെടുത്താൻ ജിസിഡിഎ യിൽ ശ്രമം നടത്തിയത്. സ്പോർട്സ് കൗൺസിലുമായി ബന്ധമുള്ള ഒരു എം എൽ എ യുടെ നേതൃത്വത്തിൽ നടന്ന ഗൂഢാലോചനയാണ് കേരള ബ്ലാസ്‌റ്റേഴ്‌സിനെ അവസാന നിമിഷം വരെ പ്രതിസന്ധിയിലാക്കിയത്. ലക്ഷക്കണക്കിന് ഫുട്ബോൾ പ്രേമികളെയാണ് ജിസിഡിഎ അപമാനിച്ചത്. കളി മുടക്കാൻ ശ്രമിച്ചതിന് പിന്നിലെ സിപിഎം അജണ്ട എന്തായിരുന്നുവെന്ന് പാർട്ടി ജില്ലാ നേതൃത്വം വ്യക്തമാക്കണം.
വ്യവസായ സൗഹൃദ കേരളമെന്ന് മൈക്ക് കിട്ടുന്നിടത്തൊക്കെ വിളിച്ചു പറയുന്ന വ്യവസായ മന്ത്രിയുടെ ജില്ലയിലാണ് വ്യവസായി കൂടിയായ കേരള ബ്ളാസ്റ്റേഴ്സ് ടീം ഉടമ നിഖിൽ ഭരദ്വാജ് എന്ന നിഖിൽ ബി നിമ്മഗദ്ദയെ സ്റ്റേഡിയത്തിൽ നിന്ന് ഇറക്കി വിട്ട് അപമാനിച്ചത്. ഇതിനു വ്യവസായ മന്ത്രിയും കായിക മന്ത്രിയും മറുപടി പറയണമെന്നും ഷിയാസ് ആവശ്യപ്പെട്ടു.
