തൃശൂർ : വെങ്ങാനല്ലൂരിനടുത്ത് എരുമത്തടം ഫ്രൻഡ്‌സ് ലെയ്‌നിൽ പാചകവാതക സിലിൻഡർ ചോർന്നുണ്ടായ തീപിടിത്തത്തിൽ ഭാര്യ മരിച്ചു ,ഭർത്താവിന് പരിക്ക്. തൃക്കോവിൽ വാരിയത്ത് രവീന്ദ്രന്റെ ഭാര്യ ജയശ്രീ ആണ് മരിച്ചത്. തൃശ്ശൂർ ജൂബിലി മിഷൻ ആശുപത്രിയിൽ ചികിത്സയിലുള്ള രവീന്ദ്രന്റെ നില അതീവ ഗുരുതരമാണ്. ചൊവ്വാഴ്ച ഉച്ചക്ക് രണ്ടോടെയാണ് സംഭവം. ഇവർ രണ്ടുപേരും മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്.
തിരുവുള്ളക്കാവിനടുത്തുള്ള ബന്ധുവീട്ടിൽ പിറന്നാൾ ആഘോഷത്തിനു പോയി തിരിച്ചെത്തിയശേഷമാണ് തീപ്പിടിത്തം. സിലിൻഡറുകൾ രണ്ടും വീടിനു പുറത്താണ് സ്ഥാപിച്ചിരിക്കുന്നത്. വലിയ പൊട്ടിത്തെറിശബ്ദം കേട്ട് സമീപവാസികൾ ഓടിയെത്തുകയായിരുന്നു. വീടിനുള്ളിലാകെ തീ പടർന്നു. ഉപകരണങ്ങൾക്കും കാര്യമായ നാശനഷ്ടമുണ്ടായി