തൃശ്ശൂര്‍: മുന്‍ എംഎല്‍എയും സിപിഎം നേതാവുമായി ബാബു എം പാലിശ്ശേരി(67) അന്തരിച്ചു. രണ്ടുതവണ(2006, 2011) നിയമസഭയില്‍ കുന്നംകുളത്തെ പ്രതിനിധീകരിച്ച അദ്ദേഹം വര്‍ഷങ്ങളായി പര്‍ക്കിന്‍സണ്‍ രോഗം മൂലം കിടപ്പിലായിരുന്നു.
അസുഖം മൂര്‍ച്ഛിച്ചതിനെത്തുടര്‍ന്ന് രണ്ടുദിവസം മുന്‍പ് കുന്നംകുളം യൂണിറ്റി ആശുപത്രിയില്‍ വെന്റിലേറ്ററിലായിരുന്നു. ചൊവ്വാഴ്ച ഉച്ചയോടെയാണ് മരണം സ്ഥിരീകരിച്ചത്. റിട്ട. ഇന്‍കംടാക്സ് ഓഫീസറായ കൊടുമുണ്ട പുല്ലാന രാമന്‍നായരുടേയും കൊരട്ടിക്കര മുള്ളത്ത് അമ്മിണിയമ്മയുടേയും മൂത്തമകനായി ജനിച്ച ബാബു എം. പാലിശ്ശേരി 1980-ല്‍ ഡിവൈഎഫഐ രൂപവത്കരിച്ചപ്പോള്‍ കൊരട്ടിക്കരയില്‍ പ്രഥമ യൂണിറ്റ് പ്രസിഡന്റായി പൊതുപ്രവര്‍ത്തനരംഗത്തേയ്ക്കെത്തി.
1986 മുതല്‍ മുഴുവന്‍ സമയ രാഷ്ട്രീയപ്രവര്‍ത്തകനായി. 84-ല്‍ സിപിഎം അംഗമായ അദ്ദേഹം ഡിവൈഎഫ്ഐ തൃശ്ശൂര്‍ ജില്ലാ സെക്രട്ടറി, സംസ്ഥാന എക്സിക്യൂട്ടീവ് അംഗം, സിപിഎം കുന്നംകുളം ഏരിയാ സെക്രട്ടറി, ജില്ലാ സെക്രട്ടറിയേറ്റംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. ഭാര്യ: ഇന്ദിര. മക്കള്‍: അശ്വതി പാലിശ്ശേരി, അഖില്‍ പാലിശ്ശേരി. സംസ്‌കാരംബുധനാഴ്ച.