വികസനത്തിനും നിക്ഷേപത്തിനും, വ്യവസായ സൗഹൃദ അന്തരീക്ഷത്തിനും കേരളത്തിന്റെ മണ്ണ് മികച്ചതെന്ന് തെളിയിച്ച പത്ത് വർഷമാണ് ഇടത് സർക്കാരിന്റെ ഭരണനേട്ടങ്ങളിലെ മേന്മായായി പരിഗണിക്കപ്പെടുന്നത്. ഒന്നാം പിണറായി സർക്കാരിന്റെ കാലഘട്ടവും രണ്ടാം പിണറായി സർക്കാരിന്റെ ഭരണവും കേരളത്തിലെ ജീവിതനിലവാരം ഉയർത്തിയതിനൊപ്പം മെച്ചപ്പെട്ട തൊഴിൽ അവസരങ്ങളും സൃഷ്ടിക്കപ്പെട്ടെന്ന് സർവേകൾ വ്യക്തമാക്കുന്നു. കഴിഞ്ഞ പത്തുവർഷത്തിനിടെ ഗതാഗതം, വ്യവസായ സൗഹൃദ അന്തരീക്ഷം, സ്റ്റാർട്ടപ്പ് രംഗം, തൊഴിലവസരങ്ങൾ, ആരോഗ്യം, വിദ്യാഭ്യാസം, ക്ഷേമപ്രവർത്തനങ്ങൾ തുടങ്ങിയ എല്ലാ മേഖലകളിലും സമാനതകളില്ലാത്ത വളർച്ചയാണ് കേരളം കൈവരിച്ചത്. ഈ നേട്ടങ്ങൾ ഓരോ പൗരന്റെയും ജീവിതത്തിൽ പ്രകടമായി പ്രതിഫലിക്കുന്നുണ്ട്.
ആരോപണങ്ങളെ തള്ളി ജനങ്ങൾ
അടിസ്ഥാനരഹിതമായ ആരോപണങ്ങൾക്കപ്പുറം, ജീവിതത്തിലെ മാറ്റങ്ങൾ വിലയിരുത്തി ജനങ്ങൾ വിധിയെഴുതുമെന്ന ഇടതുപക്ഷത്തിൻ്റെ ഉറപ്പിന് കാരണം ഈ നേട്ടങ്ങളാണ്. 2018നുശേഷം കേരളത്തിൽ നിന്നുള്ള യുവജന കുടിയേറ്റം കുറയുന്നതായി ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ടിലെ എസ്. ഇരുദയ രാജൻ നടത്തിയ പഠനം വ്യക്തമാക്കുന്നു.പഠനമനുസരിച്ച്, 2003-ൽ 18 ലക്ഷം പേർ കേരളത്തിൽ നിന്ന് വിദേശത്തേക്ക് കുടിയേറിയത് 2013-ൽ 24 ലക്ഷമാവുകയും, പിന്നീട് 2018-ൽ ഇത് 21 ലക്ഷമായി കുറയുകയുമുണ്ടായി. തിരിച്ചെത്തിയ പ്രവാസികളുടെ എണ്ണം 2018-ലെ 12 ലക്ഷത്തിൽ നിന്ന് 2023-ൽ 18 ലക്ഷമായി ഉയർന്നു. വിദേശ സാഹചര്യങ്ങൾ പ്രതികൂലമാവുകയും കേരളത്തിലേത് അനുകൂലമാവുകയും ചെയ്തതാണ് ഈ മാറ്റത്തിന് കാരണം. കേരളം കൂടുതൽ ആകർഷകമായെന്നതിൻ്റെ സൂചനയാണിത്.
ഹാപ്പി ഇൻഡെക്സിൽ കേരളത്തിന് പുഞ്ചിരി
ജനങ്ങളുടെ സന്തോഷവും സംതൃപ്തിയും അടിസ്ഥാനമാക്കി നിശ്ചയിക്കുന്ന ഹാപ്പി ഇൻഡെക്സിലും കേരളം മുൻപന്തിയിലാണ്. 2021-ൽ ഇന്ത്യാ ടുഡേ നടത്തിയ സർവേയിൽ കേരളം ഒന്നാം സ്ഥാനം നേടിയിരുന്നു. ആളോഹരി വരുമാനം, വിദ്യാഭ്യാസം, ആരോഗ്യസംരക്ഷണം, അടിസ്ഥാനസൗകര്യങ്ങൾ, നിയമവാഴ്ച, പരിസ്ഥിതി, ശുചിത്വം, തൊഴിൽ ലഭ്യത എന്നിവയുൾപ്പെടെ നിരവധി ഘടകങ്ങൾ പരിഗണിച്ചാണ് ഈ സൂചിക തയ്യാറാക്കുന്നത്. കേന്ദ്രസർക്കാരിന്റെ നിതി ആയോഗ് റിപ്പോർട്ടുകളിലും കേരളം പല മേഖലകളിലും മുന്നിട്ട് നിൽക്കുന്നു.

ഓരോരുത്തരുടെയും ജീവിതത്തിൽ കഴിഞ്ഞ പത്തുവർഷത്തെ സർക്കാരുകൾ സമാനതകളില്ലാത്ത നേട്ടങ്ങളും അനുഭവങ്ങളും നൽകിയിട്ടുണ്ട്. വാഗ്ദാനങ്ങളിൽ ഒതുങ്ങാതെ പ്രവൃത്തിയിലൂന്നിയ ജനസേവനമാണ് ഇവരുടെ പ്രധാന മേന്മ.
കോവിഡ് മഹാമാരി വരുമാനം നിലച്ച് പട്ടിണി ഭയന്ന ദിവസക്കൂലിക്കാർക്ക് സർക്കാർ വലിയ കൈത്താങ്ങായി. വരുമാനനഷ്ടത്തിനിടയിലും ആരും പട്ടിണി കിടക്കാതെ, വ്യക്തികൾക്ക് പരമാവധി സാമ്പത്തിക സഹായങ്ങൾ എത്തിച്ചു. പത്തുവർഷത്തിനിടെ ക്ഷേമ പെൻഷൻ പ്രതിമാസം 600 രൂപയിൽ നിന്ന് 2500 രൂപയായി വർദ്ധിപ്പിച്ചത് ലക്ഷക്കണക്കിന് സാധാരണക്കാർക്ക് ആശ്വാസമായി. രണ്ട് പ്രളയങ്ങളെ അതിജീവിച്ച് കേരളത്തെ പുനർനിർമ്മിക്കുന്നതിനിടയിലാണ് ഈ നേട്ടങ്ങൾ കൈവരിച്ചത്. ഇതൊരു സർക്കാർ ജനതയ്ക്ക് താങ്ങാകും എന്ന് തെളിയിച്ചു.
കേരളത്തിലെ അടിസ്ഥാനസൗകര്യ വികസനം എല്ലാ വിഭാഗം ജനങ്ങളുടെയും ജീവിതനിലവാരം കാര്യമായി മെച്ചപ്പെടുത്തി. ഗ്രാമങ്ങളും നഗരങ്ങളും തമ്മിൽ മെച്ചപ്പെട്ട കണക്ടിവിറ്റി എല്ലായിടത്തും പ്രകടമാണ്. ഇത് യാത്രാസമയവും കുറച്ച് അടിയന്തര യാത്രകളിലും ചരക്കുനീക്കത്തിലും മാറ്റങ്ങളുണ്ടാക്കി. മികച്ച റോഡുകൾ യാത്രാവേഗതയും ഇന്ധനക്ഷമതയും വർദ്ധിപ്പിച്ച് സുരക്ഷയുമുറപ്പാക്കി. ഈ വികസനത്തെ നിരത്തിലിറങ്ങുന്ന ഏതൊരാൾക്കും അവഗണിക്കാനാവില്ല.
പതിനായിരം പേരുള്ള പെരുമ്പളം ദ്വീപിനെ 100 രൂപ കോടി ചെലവിൽ പാലം നിർമ്മിച്ച് പുറംലോകവുമായി ബന്ധിപ്പിച്ചു. ആദിവാസി ഊരുകൾ ഉൾപ്പെടെ, ഒറ്റപ്പെട്ട പല പ്രദേശങ്ങൾക്കും ഇന്ന് മികച്ച കണക്ടിവിറ്റിയുണ്ട്. തിരുവനന്തപുരത്തെ കുമ്പിച്ചൽ കടവ് പാലം യാത്രകൾക്കപ്പുറം വിനോദസഞ്ചാരത്തിനും പ്രോത്സാഹനം നൽകുന്നു. പ്രദേശവാസികളുടെ സാമ്പത്തികാഭിവൃദ്ധിക്ക് പാലങ്ങൾ എങ്ങനെ പരോക്ഷമായി വഴിയൊരുക്കുന്നു എന്നതിൻ്റെ ഉദാഹരണമാണ് ഇവ.
സ്വകാര്യ ആശുപത്രികളെ മാത്രം ആശ്രയിക്കുന്ന അവസ്ഥയ്ക്ക് മാറ്റം വരുത്തി, സർക്കാർ ആശുപത്രികളിലേക്ക് എത്തുന്ന രോഗികളുടെ എണ്ണം വർദ്ധിച്ചു. മരുന്നുകൾ മുതൽ ലാബ് പരിശോധനകൾ വരെ സൗജന്യമായതിനാൽ എല്ലാ ജനങ്ങളും ഇവിടെയെത്തി. രോഗികളുടെ എണ്ണം വർദ്ധിച്ചതോടെ സൗകര്യങ്ങൾ മെച്ചപ്പെടുത്തേണ്ടത് അനിവാര്യമായി. കിഫ്ബി ഫണ്ട് ഉപയോഗിച്ച് താലൂക്ക്, ജില്ലാതല ആശുപത്രികളിൽ മികച്ച കെട്ടിടങ്ങളും സൗകര്യങ്ങളും ഒരുക്കി. ഇന്ന് സർക്കാർ ആശുപത്രികളിൽ തിരക്ക് മാത്രമാണ് ബുദ്ധിമുട്ടായി തോന്നുന്നത്.
പവർകട്ടില്ലാത്ത പത്ത് വർഷം, പാഠപുസ്തകങ്ങൾ സ്മാർട്ടായി
2016-ൽ അഞ്ചാം ക്ലാസിൽ പഠിച്ച കുട്ടി ഇന്ന് കന്നി വോട്ടറാണ്. ഓണപ്പരീക്ഷയ്ക്ക് പാഠപുസ്തകങ്ങളില്ലാതെ കാത്തിരുന്നതും വാർഷിക പരീക്ഷാ സമയത്തെ കറന്റ് കട്ട് ഭീഷണിയും അവർക്ക് മറക്കാനാവില്ല. മണ്ണെണ്ണ പോലും ലഭിക്കാതിരുന്ന കാലത്തിൽ നിന്ന്, സ്കൂൾ അടയ്ക്കും മുൻപേ പാഠപുസ്തകങ്ങൾ ലഭിക്കുകയും പവർ കട്ട് കേട്ടുകേൾവി മാത്രമാകുകയും ചെയ്ത കാലത്തിലേക്കാണ് കേരളം മാറിയത്.
ഓരോ വ്യക്തിയുടെയും ദൈനംദിന ജീവിതത്തിൽ വലിയ മാറ്റങ്ങൾ പ്രകടമാണ്. ഈ മാറ്റങ്ങൾ പതിവായതിനാൽ ചിലപ്പോൾ ശ്രദ്ധിക്കപ്പെടാതെ പോകാം. എന്നാൽ, റോഡിലിറങ്ങുമ്പോൾ ലഭിക്കുന്ന ആശ്വാസം, ചെറിയ പനിക്ക് സർക്കാർ ആശുപത്രികളെ തേടാനുള്ള ധൈര്യം, കുട്ടികളെ പൊതുവിദ്യാലയങ്ങളിലേക്ക് അയയ്ക്കാൻ രക്ഷിതാക്കൾക്ക് തോന്നുന്നത് എന്നിവയെല്ലാം ജീവിതനിലവാരത്തിൽ സർക്കാർ സംവിധാനങ്ങൾ കൊണ്ടുവന്ന മാറ്റങ്ങളുടെ പ്രതിഫലനമാണ്.
അതിവേഗ പാതകൾ, മികച്ച വികസന പ്രവർത്തങ്ങൾ
റോഡും പാലങ്ങളുമൊക്കെ സ്വാഭാവികമായി സംഭവിക്കുന്ന വികസനമല്ലെന്ന് കഴിഞ്ഞ രണ്ട് സർക്കാരുകൾ തെളിയിച്ചു. കിഫ്ബി പോലുള്ള സംവിധാനമില്ലായിരുന്നെങ്കിൽ മികച്ച പാതകളും ആശുപത്രി-സ്കൂൾ അടിസ്ഥാനസൗകര്യ വികസനവും സിന്തറ്റിക് സ്റ്റേഡിയങ്ങളും ദേശീയപാത വികസനവും നടക്കുമായിരുന്നില്ല. ദീർഘവീക്ഷണത്തോടെ എല്ലാ വിഭാഗം ജനങ്ങളെയും ചേർത്തുപിടിച്ച് ഭാവി വികസനം ഉറപ്പാക്കുന്നതിലാണ് കാര്യക്ഷമമായ ഭരണത്തിൻ്റെ മികവ്. ഇനിയും മെച്ചപ്പെടുത്തേണ്ട മേഖലകളിൽ ശ്രദ്ധിച്ച് മുന്നോട്ട് പോകാനുള്ള ജനസമ്മതിയാണ് സർക്കാർ തേടുന്നത്.
കഴിഞ്ഞ പത്തുവർഷം തങ്ങളുടെ ജീവിതത്തിലും ചുറ്റുപാടുകളിലും വന്ന മാറ്റങ്ങൾ കൃത്യമായി വിലയിരുത്തി ജനങ്ങൾ വോട്ട് രേഖപ്പെടുത്തിയാൽ, നെഗറ്റീവ് പ്രചാരണങ്ങൾക്കും പ്രതികൂല ചിന്തകൾക്കും കേരളത്തിൽ പ്രസക്തിയില്ലാതാകും. ജനങ്ങൾ നൽകുന്ന ഈ ഉറപ്പിലാണ് ഇടതുപക്ഷം തിരഞ്ഞെടുപ്പിനെ നേരിടുന്നത്.