കൊല്ലം: ആശ്രാമം ശ്രീകൃഷ്ണ സ്വാമി ക്ഷേത്ര ഉത്സവത്തിന്റെ ഭാഗമായ ഗാനമേളക്കിടെ വേദിക്ക് മുന്നിൽ നൃത്തം ചെയ്ത വയോധികനെ കസേര കൊണ്ട് ആക്രമിച്ച പ്രതി പിടിയിൽ. ആശ്രാമം കുളങ്ങര വീട്ടിൽ ശ്യാംകുമാറാണ് (40) കൊല്ലം ഈസ്റ്റ് പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞ 13ന് രാത്രി 9.30നാണ് സംഭവം. ഗാനമേളക്കിടെ നൃത്തം ചെയ്ത ബാലചന്ദ്രൻ നായരെ ശ്യാംകുമാർ അസഭ്യം പറയുകയും കസേര കൊണ്ട് അടിക്കുകയുമായിരുന്നു.
ബാലചന്ദ്രൻ നായരുടെ മുഖത്ത് പരിക്കേൽക്കുകയും പല്ല് ഇളകിപ്പോവുകയും ചെയ്തു. ആക്രമണ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചതോടെയാണ് സംഭവം വിവാദമായത്. ആക്രി ശേഖരിച്ച് ജീവനോപാധി കണ്ടെത്തുന്ന ബാലചന്ദ്രൻ നായർ കൊല്ലം നഗരത്തിൽ വഴിയോരത്ത് അന്തിയുറങ്ങുന്നയാളാണ്. ഇദ്ദേഹത്തെ മർദിച്ച സംഭവത്തിൽ വലിയ പ്രതിഷേധവും പ്രതിയെ പിടിക്കാത്തതിൽ പൊലീസിനെതിരെ പരാതിയും ഉയർന്നു.
