തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകൻ വിവേക് കിരണിന് ഇ.ഡി സമൻസയച്ചത് എസ്.എൻ.സി ലാവലിൻ കേസുമായി ബന്ധപ്പെട്ടാണെന്ന വിവരങ്ങൾ പുറത്ത്. 2023ലാണ് ഇ.ഡി വിവേകിന് സമൻസയച്ചത്. ക്രൈം നന്ദകുമാറിന്റെ പരാതിയിലായിരുന്നു വിവേകിനെതിരെ ഇ.ഡി അന്വേഷണം. ലാവലിൻ കമ്പനി ഡയറക്ടറായിരുന്ന ദിലീപ് രാഹുലൻ വിവേക് കിരണിന്റെ വിദ്യാഭ്യാസ ചെലവിനായി പണം നൽകി എന്ന വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഇ.ഡി സമൻസ് അയച്ചത്. എന്നാൽ വിവേക് ഹാജരായില്ല.
കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് ഹാജരാകാനായി വിവേകിന് ഇ.ഡി സമൻസയച്ചതിന്റെ രേഖകൾ പുറത്തുവന്നിരുന്നു. സൺ ഓഫ് പിണറായി വിജയൻ, ക്ലിഫ് ഹൗസ് എന്ന് രേഖപ്പെടുത്തി 2023ൽ അയച്ച സമൻസിന്റെ പകർപ്പാണ് പുറത്തായത്.വടക്കാഞ്ചേരിയിലെ ലൈഫ് മിഷൻ ഭവന പദ്ധതിയിലെ ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്നാണ് ഇ.ഡി സമൻസ് അയച്ചത് എന്നായിരുന്നു നേരത്തേ പുറത്തുവന്ന വിവരങ്ങൾ.
അന്നത്തെ ഇ.ഡി കൊച്ചി അസിസ്റ്റന്റ് ഡയറക്ടർ പി.കെ. ആനന്ദ് ആണ് സമൻസയച്ചത്. 2023 ഫെബ്രുവരി 14ന് രാവിലെ 10.30ന് കൊച്ചിയിലെ ഇ.ഡി ഓഫിസിൽ ഹാജരാകാനായിരുന്നു സമൻസ്. അതേ സമയം അന്വേഷണം പുന: പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം രംഗത്തെത്തി.
Leave feedback about this