loginkerala breaking-news കലൂർ രാജ്യാന്തര സ്റ്റേഡിയത്തിലെ ലഹരി ഇടപാടുകൾ : പോലീസ് – എക്സൈസ് ഉദ്യോഗസ്ഥരുടെ ഇടപെടൽ ആവശ്യപ്പെട്ട് മനുഷ്യാവകാശ കമ്മീഷൻ
breaking-news Kerala

കലൂർ രാജ്യാന്തര സ്റ്റേഡിയത്തിലെ ലഹരി ഇടപാടുകൾ : പോലീസ് – എക്സൈസ് ഉദ്യോഗസ്ഥരുടെ ഇടപെടൽ ആവശ്യപ്പെട്ട് മനുഷ്യാവകാശ കമ്മീഷൻ

കൊച്ചി : കലൂർ രാജ്യാന്തര സ്റ്റേഡിയവും പരിസരവും ലഹരി വ്യാപാരികളും ഇടപാടുകാരും സാമൂഹിക വിരുദ്ധരും കയ്യടക്കുകയാണെന്ന പരാതി ഉന്നത പോലീസ്-എക്സൈസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ സമഗ്രമായി അന്വേഷിച്ച് കർശനവും ഫലപ്രദവുമായ പ്രതിരോധ നടപടികൾ സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ് ഉത്തരവിട്ടു.

ജില്ലാ പോലീസ് മേധാവിയും (എറണാകുളം സിറ്റി) ജോയിന്റ് എക്സേസ് കമ്മീഷണറും കൊച്ചി കോർപ്പറേഷൻ സെക്രട്ടറി, ജി.സി.ഡി.എ. സെക്രട്ടറി എന്നിവരുടെ സഹകരണത്തോടെ പരാതിയെകുറിച്ച് വിശദമായ അന്വേഷണം നടത്തണമെന്ന് കമ്മീഷൻ നിർദ്ദേശിച്ചു. വൈകുന്നേരങ്ങളിലും രാത്രികളിലും നടക്കുന്നതായി പറയപ്പെടുന്ന സാമൂഹികവിരുദ്ധ പ്രവർത്തനങ്ങൾക്കെതിരെ പഴുതടച്ച് നിയമപ്രകാരം നടപടിയെടുക്കണം.

സിറ്റി പോലീസും എക്സൈസും പ്രദേശത്ത് പെട്രോളിംഗ് ശക്തമാക്കണം. സ്റ്റേഡിയത്തിലും പരിസരത്തുമുള്ള തെരുവുവിളക്കുകൾ പ്രകാശിക്കുന്നുണ്ടോയെന്ന് അസിസ്റ്റന്റ് പോലീസ് കമ്മീഷണറുടെ റാങ്കിൽ കുറയാത്ത ഒരു പോലീസുദ്യോഗസ്ഥന്റെ നേതൃത്വത്തിൽ പരിശോധന നടത്താൻ ജില്ലാ പോലീസ് മേധാവിക്ക് കമ്മീഷൻ നിർദ്ദേശം നൽകി. ഹൈമാസ്റ്റ് ലൈറ്റ് ഉൾപ്പെടെയുള്ള തെരുവുവിളക്കുകൾകത്തുന്നില്ലെങ്കിൽ അത് പ്രവർത്തനക്ഷമമാക്കാനുള്ള നിർദ്ദേശം ബന്ധപ്പെട്ടവർക്ക് നൽകണം. ലിങ്ക് റോഡ്, മെട്രോ റെയിൽ പില്ലർ എന്നിവിടങ്ങളിലെ തെരുവുവിളക്കുകൾ പ്രവർത്തനക്ഷമമല്ലെന്ന പരാതി പരിശോധിച്ച് തകരാർ അടിയന്തരമായി പരിഹരിക്കണം.

ഉത്തരവിന്റെ അടിസ്ഥാനത്തിൽ നടപടിയെടുത്ത ശേഷം ജില്ലാ പോലീ്സ് മേധാവി (സിറ്റി) യും ജോയിന്റ് എക്സൈസ് കമ്മീഷണറും പ്രത്യേകം റിപ്പോർട്ടുകൾ ഒരു മാസത്തിനകം കമ്മീഷനിൽ സമർപ്പിക്കണം. കൊച്ചി കോർപ്പറേഷൻ സെക്രട്ടറി, ജി.ഡി.സി.എ. സെക്രട്ടറി എന്നിവരും ഒരു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കണം. രാജ്യാന്തര സ്റ്റേഡിയത്തിന്റെ നടത്തിപ്പ് ജി.ഡി.സി.എ. യിൽ നിക്ഷിപ്തമാണോയെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കണം.

ജില്ലാ പോലീസ് മേധാവിയെ പ്രതിനിധീകരിച്ച് എ.സി.പി. യും ജോയിന്റ് എക്സൈസ് കമ്മീഷണർ, കൊച്ചി കോർപ്പറേഷൻ സെക്രട്ടറി, ജി.സി.ഡി.എ. സെക്രട്ടറി എന്നിവരെ പ്രതിനിധീകരിച്ച് മുതിർന്ന ഉദ്യോഗസ്ഥരും മാർച്ച് 3 ന് രാവിലെ 10 ന് പത്തടിപ്പാലം റസ്റ്റ് ഹൌസിൽ നടക്കുന്ന സിറ്റിംഗിൽ നേരിട്ട് ഹാജരാകണമെന്ന് ജസ്റ്റിസ് അലക്സാണ്ടർ തോമസ് നിർദ്ദേശിച്ചു.പത്രവാർത്തയുടെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.

Exit mobile version