ന്യൂഡല്‍ഹി: തിങ്കളാഴ്ച വൈകുന്നേരം ചെങ്കോട്ടയ്ക്ക് സമീപം പൊട്ടിത്തെറിച്ച ഐ20 കാര്‍ ഓടിച്ചയാള്‍ ഡോ. ഉമര്‍ മുഹമ്മദ് തന്നെയെന്ന് റിപ്പോര്‍ട്ട്. ഡിഎന്‍എ പരിശോധനയിലൂടെയാണ് ഉമര്‍ തന്നെയാണ് കാറില്‍ ഉണ്ടായിരുന്നതെന്ന് തിരിച്ചറിഞ്ഞിരിക്കുന്നത്. അദ്ദേഹത്തിന്റെ ഡിഎന്‍എ സാമ്പിള്‍ അമ്മയുടെയും സഹോദരന്റെയും ഡിഎന്‍എയുമായി 100 ശതമാനം പൊരുത്തപ്പെട്ടതായി വൃത്തങ്ങള്‍ പറഞ്ഞു.
സ്‌ഫോടനത്തെ തുടര്‍ന്ന് ഐ20 കാറില്‍ നിന്ന് കണ്ടെത്തിയ അസ്ഥികള്‍, പല്ലുകള്‍, വസ്ത്രങ്ങളുടെ കഷണങ്ങള്‍ എന്നിവയുമായി മുഹമ്മദിന്റെ ഡിഎന്‍എ പൊരുത്തപ്പെട്ടു. മുഹമ്മദിന്റെ അമ്മയെ പുല്‍വാമയില്‍ ഡിഎന്‍എയ്ക്കായി കസ്റ്റഡിയിലെടുത്തിരുന്നു. സ്‌ഫോടനം നടന്ന സ്ഥലത്ത് നിന്ന് കണ്ടെത്തിയ ഭാഗങ്ങളുമായി ഒത്തുനോക്കുന്നതിനായി ഡിഎന്‍എ സാമ്പിളുകള്‍ ശേഖരിക്കുന്നതിനായി സംശയിക്കപ്പെടുന്നയാളുടെ അമ്മയെ കൊണ്ടുപോയിരുന്നതായി ഒരു പോലീസ് ഉദ്യോഗസ്ഥന്‍ വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞു.
