വാഷിങ്ടൺ: വധശ്രമങ്ങളെയും ഇംപീച്ച്മെൻറുകളെയും ക്രിമിനൽ കേസ് വിധികളെയും മറികടന്ന് ഡോണൾഡ് ട്രംപ് വീണ്ടും യുഎസിൻറെ ഭരണതലപ്പത്ത്. കുപ്രസിദ്ധമായ കാപിറ്റോൾ കലാപത്തിൻറെ നാലാം വാർഷികത്തിലാണു സ്വയം തിരുത്തിയും നയങ്ങളിൽ യുഎസിനെ തിരുത്തുമെന്നു പ്രഖ്യാപിച്ചും റിപ്പബ്ലിക്കൻ നേതാവിൻറെ തിരിച്ചുവരവ്. 2020ൽ അപമാനിതനായി പടിയിറങ്ങിയ വൈറ്റ് ഹൗസിലേക്ക് തിരികെയെത്തിയ ട്രംപിനെ സ്വീകരിച്ച മുൻ എതിരാളി ജോ ബൈഡൻ നിയുക്ത പ്രസിഡൻറിനായി ചായ സത്കാരം നടത്തി. തുടർന്ന് സത്യപ്രതിജ്ഞാ വേദിയായ കാപിറ്റോളിലേക്ക് ഇരുവരും ഒരുമിച്ചാണിറങ്ങിയത്. 2021ൽ ബൈഡൻറെ സത്യപ്രതിജ്ഞ ട്രംപ് ബഹിഷ്കരിച്ചിരുന്നു.
അതിശൈത്യത്തെത്തുടർന്നു സത്യപ്രതിജ്ഞ കാപിറ്റോൾ മന്ദിരത്തിനുള്ളിലേക്കു മാറ്റിയതുൾപ്പെടെ ഏറെ സവിശേഷതകളോടെയാണ് ട്രംപിൻറെ സ്ഥാനാരോഹണം. വാഷിങ്ടൺ നഗരത്തിലെ തെരുവുകളിലടക്കം ട്രംപ് അനുകൂലികൾ റിപ്പബ്ലിക്കൻ പതാകകളുമായി നിറഞ്ഞു.യുഎസിൻറെ നയങ്ങളിലും ആഗോള നയതന്ത്രത്തിലും ഭൗമരാഷ്‌ട്രീയ ബലാബലത്തിലും വലിയ മാറ്റങ്ങളുടെ സൂചന നൽകിയാണു ട്രംപിൻറെ രണ്ടാംവരവ്. താനും വൈസ് പ്രസിഡൻറ് ജെ.ഡി. വാൻസും ചേർന്ന് അമെരിക്കയെ വീണ്ടും അതിൻറെ പ്രതാപത്തിലേക്കു തിരികെക്കൊണ്ടുവരുമെന്നാണു പ്രധാന പ്രഖ്യാപനം.ലോകാരോഗ്യസംഘടനയില്നിന്ന് അമേരിക്ക പിന്മാറും. സംഘടനയ്ക്ക് ഇനി മുതൽ സാന്പത്തിക സഹായം നൽകില്ല.
കോവിഡിനെയും മറ്റു ആരോഗ്യ പ്രതിസന്ധികളെയും ലോകാരോഗ്യസംഘടന തെറ്റായി കൈകാര്യം ചെയ്തുവെന്ന് ചൂണ്ടിക്കാട്ടിയാണ് നീക്കം. കാലാവസ്ഥാ സംരക്ഷണത്തിനുള്ള പാരിസ് കരാറിൽനിന്നും അമേരിക്ക പിന്മാറും.സ്ത്രീ, പുരുഷൻ എന്നീ രണ്ട് ലിംഗങ്ങളെ മാത്രമേ യുഎസ് സർക്കാർ അംഗീകരിക്കൂവെന്നും ട്രംപ് വ്യക്തമാക്കി. ഇതോടെ ട്രാൻസ്ജെൻഡർ വ്യക്തികൾ രേഖയ്ക്ക് പുറത്താകും.2021ൽ ട്രംപിന് വേണ്ടി കലാപം ഉണ്ടാക്കിയ 1600 പേർക്ക് മാപ്പ് നൽകി. ആക്രമണവുമായി ബന്ധപ്പെട്ട എല്ലാ കേസുകളും ഉപേക്ഷിക്കാൻ നീതിന്യായ വകുപ്പിന് നിർദേശം നൽകിയിട്ടുണ്ട്.മെക്സിക്കോ അതിർത്തിയിലെ അനധികൃത കുടിയേറ്റം ദേശീയ അടിയന്തരാവസ്ഥയായി പ്രഖ്യാപിക്കുകയും ക്രിമിനൽ സംഘങ്ങളെ തീവ്രവാദ സംഘടനകളായി പ്രഖ്യാപിക്കുകയും ചെയ്തു. യുഎസിൽ ജനിച്ച ആർക്കും പൗരത്വം നൽകുന്ന ജന്മാവകാശ പൗരത്വം സംബന്ധിച്ച ഉത്തരവിലും ട്രംപ് ഒപ്പുവച്ചു.