loginkerala breaking-news രാഷ്ട്രീയ അതികായന്മാർക്ക് വിജയതന്ത്രങ്ങൾ പകർന്നു കൊടുത്ത ബുദ്ധി കേന്ദ്രം; ഡിജോ കാപ്പൻ ഇനി ഓർമ; സംസ്കാരം ഔദ്യോ​ഗിക ബഹുമതികളോടെ
breaking-news Kerala Politics

രാഷ്ട്രീയ അതികായന്മാർക്ക് വിജയതന്ത്രങ്ങൾ പകർന്നു കൊടുത്ത ബുദ്ധി കേന്ദ്രം; ഡിജോ കാപ്പൻ ഇനി ഓർമ; സംസ്കാരം ഔദ്യോ​ഗിക ബഹുമതികളോടെ

കോട്ടയം: രാഷ്ട്രീയത്തിലെ അതികായന്മാർക്ക് വിജയതന്ത്രങ്ങൾ പകർന്നു കൊടുത്ത തിരശ്ശീലയ്ക്ക് പിന്നിലെ ബുദ്ധികേന്ദ്രം, പൗരാവകാശങ്ങൾക്കായി തെരുവ് തൊട്ട് കോടതി വരെ പോരാടിയ പടനായകൻ – ഡിജോ കാപ്പൻ ഇനി ഓർമ്മകളിൽ മാത്രം. സംസ്‌കാര ചടങ്ങുകൾക്ക് ഔദ്യോഗിക ബഹുമതികളും ഉണ്ടാകും. ഇത് പടനായകന് കേരളം നൽകുന്ന ആദരവാണ്.

അസാധ്യമെന്ന് കരുതിയ പല തിരഞ്ഞെടുപ്പ് വിജയങ്ങളും തന്റെ അസാമാന്യമായ തന്ത്രങ്ങളിലൂടെ സുഹൃത്തുക്കൾക്കായി നേടിയെടുത്ത ഡിജോ കാപ്പന്റെ സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് മൂന്നിന് പാലായ്ക്ക് സമീപം പാലാക്കാട് ചെറുപുഷ്പം പള്ളിയിൽ പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ നടക്കും. കേരളം ഒരു നിർണ്ണായക തിരഞ്ഞെടുപ്പ് ചൂടിലൂടെ കടന്നുപോകുമ്പോൾ, ആ രാഷ്ട്രീയ തന്ത്രങ്ങളുടെ ആശാൻ ലോകത്തോട് വിടപറഞ്ഞത് സഹപ്രവർത്തകർക്കും രാഷ്ട്രീയ കേരളത്തിനും വലിയ നോവായി മാറിക്കഴിഞ്ഞു.

രാഷ്ട്രീയത്തിനതീതമായ സൗഹൃദങ്ങളുടെ ഉടമയായിരുന്നു ഡിജോ. അന്തരിച്ച കോൺഗ്രസ് നേതാവ് പി.ടി. തോമസ് തന്റെ രോഗാവസ്ഥയിൽ അന്ത്യകർമ്മങ്ങൾ എങ്ങനെ വേണമെന്ന് വിശ്വസിച്ച് എഴുതി ഏൽപ്പിച്ചത് ഡിജോ കാപ്പനെയായിരുന്നു എന്നത് ആ സൗഹൃദത്തിന്റെ ആഴം വെളിപ്പെടുത്തുന്നു. തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലെ നിശബ്ദ സാന്നിധ്യമായിരുന്ന അദ്ദേഹം, സൗഹൃദങ്ങൾക്കായി എപ്പോഴും വിട്ടുവീഴ്ചയില്ലാത്ത നിലപാടുകൾ സ്വീകരിച്ചു. നേതാക്കളുടെ തെരഞ്ഞെടുപ്പ് വിജയങ്ങൾക്ക് പിന്നിലെ ചാണക്യതന്ത്രങ്ങൾ മെനഞ്ഞ ഡിജോ, തിരഞ്ഞെടുപ്പ് കാലത്തുതന്നെ ഓർമ്മയായത് യാദൃശ്ചികം.

സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക ബഹുമതികളോടെയുള്ള സംസ്‌കാര ചടങ്ങുകൾക്കായി കോട്ടയം ജില്ലാ കളക്ടർക്കും പോലീസ് മേധാവിക്കും നിർദ്ദേശം ലഭിച്ചു കഴിഞ്ഞു. സർക്കാരിന് വേണ്ടി ജില്ലാ കളക്ടർ ഭൗതിക ശരീരത്തിൽ റീത്ത് സമർപ്പിക്കും. പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് സംസ്‌കാര ശുശ്രൂഷകൾക്ക് മുഖ്യ കാർമ്മികത്വം വഹിക്കും. 2025 ഒക്ടോബറിൽ തിരുവനന്തപുരത്തുണ്ടായ കാറപകടത്തെ തുടർന്ന് മാസങ്ങളായി ചികിത്സയിലായിരുന്ന അദ്ദേഹം വെള്ളിയാഴ്ച രാവിലെയാണ് അന്തരിച്ചത്.

കെഎസ്സിയിലൂടെ വിദ്യാർത്ഥി രാഷ്ട്രീയത്തിൽ ചുവടുറപ്പിച്ച ഡിജോ കാപ്പൻ, കേരള സർവ്വകലാശാല യൂണിയൻ ജനറൽ സെക്രട്ടറി, യൂത്ത് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് എന്നീ നിലകളിൽ തിളങ്ങിയിരുന്നു. 1998-ൽ സജീവ രാഷ്ട്രീയം ഉപേക്ഷിച്ചെങ്കിലും സാധാരണക്കാരുടെ പ്രശ്‌നങ്ങളിൽ അദ്ദേഹം സജീവമായി ഇടപെട്ടു. സെന്റർ ഫോർ കൺസ്യൂമർ എഡ്യൂക്കേഷൻ സ്ഥാപിച്ച അദ്ദേഹം ഉപഭോക്തൃ അവകാശങ്ങൾക്കും റോഡ് സുരക്ഷയ്ക്കും വേണ്ടി സുപ്രീം കോടതിയിൽ വരെ നിയമപോരാട്ടങ്ങൾ നടത്തി. ഇന്ധനവില വർദ്ധനയും ബസ് ചാർജ് വർദ്ധനയും മുതൽ വൈദ്യുതി ചാർജ് വരെ സാധാരണക്കാരനെ ബാധിക്കുന്ന വിഷയങ്ങളിൽ കണക്കുകൾ നിരത്തി അദ്ദേഹം ചാനൽ ചർച്ചകളിൽ പോരാടി

Exit mobile version