ഡൽഹി: ഡൽഹി ചെങ്കോട്ട സ്ഫോടനത്തിന് മുമ്പ് ഭീകരവാദം ലക്ഷ്യമിട്ട് ഡോക്ടർ ഉമർ ചിത്രീകരിച്ച ഞെട്ടിക്കുന്ന വീഡിയോ പുറത്ത്. ബോംബ് സ്ഫോടനത്തിനു കാരണമായ കാറോടിച്ച മുഖ്യപ്രതിയാണ് ഉമർ മുഹമ്മദ്. ചാവേർ ആക്രമണത്തെ ന്യായീകരിക്കുന്ന വീഡിയോയാണ് പുറത്തു വന്നിരിക്കുന്നത്. ചെങ്കോട്ട സ്ഫോടനം ഭീകരാക്രമണമെന്നതിന് ബലം നൽകുന്നതാണ് വീഡിയോ.
ചാവേറാക്രമണം ഏറെ തെറ്റിദ്ധരിപ്പിക്കപ്പെട്ട വാക്കാണെന്നാണ് ഉമര്‍ വീഡിയോയില്‍ പറയുന്നത്. ഭീകരവാദത്തിലേക്ക് കൂടുതൽ പേരെ നയിക്കുന്നതാണ് സമൂഹമാധ്യമങ്ങളിലൂടെ പുറത്തു വന്ന വീഡിയോ. നേരത്തേ തന്നെ ഇയാൾ ചാവേറാകാനുള്ള മാനസികാവസ്ഥയിലായിരുന്നെന്നും ഈ വീഡിയോയില്‍ നിന്ന് വ്യക്തമാകുന്നു. ചാവേർ ആക്രമണത്തെക്കുറിച്ചുള്ള വാദങ്ങൾ തെറ്റിദ്ധരിപ്പിക്കുന്നതാണെെന്നും യഥാർഥത്തിൽ ഒരു പ്രത്യേക സ്ഥലത്ത് നിശ്ചിത സമയത്ത് താൻ കൊല്ലപ്പെടുമെന്ന് തീരുമാനിക്കുന്നതാണ് രക്തസാക്ഷിത്വമെന്ന് ഉമർ പറയുന്നു.
‘വളരെ തെറ്റിദ്ധരിക്കപ്പെട്ട ഒരു ആശയമാണ് ചാവേർ ബോംബിംഗ് എന്ന് മുദ്രകുത്തപ്പെട്ടതിന്റെ ആശയം. ഇത് ഇസ്ലാമിൽ അറിയപ്പെടുന്ന ഒരു രക്തസാക്ഷിത്വ ഓപ്പറേഷനാണ്. ഇപ്പോൾ, നിരവധി വൈരുദ്ധ്യങ്ങളുണ്ട്; അതിനെതിരെ നിരവധി വാദങ്ങൾ ഉന്നയിക്കപ്പെട്ടിട്ടുണ്ട്.’-ഉമർ തന്റെ വീഡിയോയിൽ പറഞ്ഞു. എപ്പോൾ അല്ലെങ്കിൽ എവിടെ മരിക്കുമെന്ന് ആർക്കും കൃത്യമായി പ്രവചിക്കാൻ കഴിയില്ലെന്നും അത് വിധിക്കപ്പെട്ടാൽ അത് സംഭവിക്കുമെന്നും ഉമർ പറയുന്നു. “മരണത്തെ ഭയപ്പെടരുത്” എന്ന് അദ്ദേഹം കൂട്ടിച്ചേർക്കുന്നു.
‘വൈറ്റ് കോളര്‍’ ഭീകരവാദ മൊഡ്യൂളിലെ പ്രധാന കണ്ണിയാണ് ഡോ. ഉമര്‍. മരിക്കുന്നതിന് മുമ്പും ബ്രെയിൻവാഷ് ചെയ്യുകയാണ് ഉമർ വീഡിയോയിലൂടെ ചെയ്തതെന്നാണ് ഉദ്യോഗസ്ഥർ നിഗമനത്തിലെത്തുന്നത്. ബോംബ് സ്ഫോടനത്തിൽ കാറോടിച്ചത് ഡോക്ടർ ഉമര്‍ മുഹമ്മദാണെന്ന് നേരത്തേ തന്നെ ഡിഎൻഎ ടെസ്റ്റിൽ സ്ഥിരീകരിച്ചിരുന്നു.
