ന്യൂഡൽഹി: ടിബറ്റൻ ആത്മീയ നേതാവ് ദലൈലാമയുടെ 90-ാം ജന്മദിനം ഇന്ന്. ആഘോഷങ്ങളിൽ പങ്കെടുക്കാൻ രാജ്യത്തും വിദേശത്തുമുള്ള ദലൈലാമയുടെ അനുയായികളും ബുദ്ധസന്യാസിമാരുമടക്കം ആയിരങ്ങളാണ് ഹിമാചലിലെ ധരംശാലയിലേക്കെത്തുന്നത്. ടിബറ്റൻ ലൂണാർ കലണ്ടർ പ്രകാരം അഞ്ചാം മാസത്തിലെ അഞ്ചാം ദിവസമാണ് ദലൈലാമയുടെ ജനനം. അത് ഈ വർഷം ജൂൺ 30നായിരുന്നു. എന്നാൽ ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ദലൈലാമയുടെ ജന്മദിനം 1935 ജൂലായ് 6 ആണ്.
മരണശേഷം തനിക്ക് പിൻഗാമിയുണ്ടാകുമെന്ന് കഴിഞ്ഞദിവസം ദലൈലാമ പ്രഖ്യാപിച്ചിരുന്നു. ബുദ്ധസന്യാസി സമൂഹങ്ങളും ടിബറ്റൻ സംഘടനകളും പിൻഗാമി വേണമെന്ന് ആവശ്യപ്പെട്ടതോടെയാണ് ജന്മദിനത്തിന് മുന്നോടിയായി പിൻഗാമിയുണ്ടാകുമെന്ന് ദലൈലാമ വ്യക്തമാക്കിയത്.
താൻ രൂപീകരിച്ച ഗാഡെൻ ഫൊഡ്രാങ് ട്രസ്റ്റ് പിൻഗാമിയെ തിരഞ്ഞെടുക്കുമെന്നും ചൈനയ്‌ക്ക് ഇടപെടാനാകില്ലെന്നും പറഞ്ഞു. പിൻഗാമിയെ തിരഞ്ഞെടുക്കാനുള്ള അധികാരം ദലൈലാമയ്ക്ക് മാത്രമാണെന്ന് ഇന്ത്യയും വ്യക്തമാക്കി. ദലൈലാമയുടെ പിൻഗാമിക്ക് തങ്ങളുടെ അംഗീകാരം വേണമെന്നാണ് ചൈനയുടെ നിലപാട്.