ന്യൂഡൽഹി∙ സിആർപിഎഫിൽനിന്ന് അനുവാദം ലഭിച്ചതിനു ശേഷമാണ് താൻ വിവാഹം കഴിച്ചതെന്ന് പാക്കിസ്ഥാൻ യുവതിയുമായുള്ള വിവാഹം മറച്ചുവച്ചെന്ന് ആരോപിച്ചു പിരിച്ചുവിട്ട സിആർപിഎഫ് ഉദ്യോഗസ്ഥൻ മുനീർ അഹമ്മദ്. മേൽ ഉദ്യോഗസ്ഥർക്ക് ഇക്കാര്യം അറിയാമായിരുന്നു. വേണ്ട അനുമതികളെല്ലാം എടുത്താണ് പാക്ക് യുവതി മെനാൽ ഖാനെയെ വിവാഹം കഴിച്ചത്. തനിക്കെതിരായ നടപടിക്കെതിരെ കോടതിയെ സമീപിക്കുമെന്നും മുനീർ പറഞ്ഞു. ജമ്മുവിലെ ഘരോട്ട സ്വദേശിയായ മുനീർ, 2017 ഏപ്രിലിലാണ് സിആർപിഎഫിൽ ചേർന്നത്.
2022ലാണ് പാക്ക് യുവതിയെ വിവാഹം കഴിക്കാൻ താൽപര്യമുണ്ടെന്ന് ആദ്യമായി ഓഫിസിൽ അറിയിക്കുന്നതെന്ന് മുനീർ പറയുന്നു. നടപടിക്രമങ്ങൾ പൂർത്തീകരിക്കുന്നതിനായി പാസ്പോർട്ടിന്റെ കോപ്പികള്‍, വിവാഹ കാർഡ്, മുനീറിന്റെ മാതാപിതാക്കളുടെയും സര്‍പഞ്ച് ജില്ല വികസന കൗണ്‍സിൽ അംഗം എന്നിവരുടെയും സത്യവാങ്മൂലങ്ങൾ എന്നിവ സമർപ്പിച്ചു. 2024ലാണ് വിവാഹത്തിന് അനുമതി ലഭിക്കുന്നത്.
നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് ആവശ്യമില്ലെന്ന് അറിയിച്ചിരുന്നതായാണ് മുനീർ അവകാശപ്പെടുന്നത്. വിവാഹശേഷം അതിന്റെ ചിത്രങ്ങളും നിക്കാഹിന്റെ രേഖകളും വിവാഹ സർട്ടിഫിക്കറ്റുകളും സമർപ്പിച്ചിരുന്നതായും മുനീർ പറഞ്ഞു.