loginkerala breaking-news കേന്ദ്ര ബജറ്റിലെ കേരളത്തോടുള്ള അവഗണനക്കെതിരെ പ്രതിഷേധവുമായി സിപിഎം; നാളെ കരിദിനം ആചരിക്കും
breaking-news Kerala

കേന്ദ്ര ബജറ്റിലെ കേരളത്തോടുള്ള അവഗണനക്കെതിരെ പ്രതിഷേധവുമായി സിപിഎം; നാളെ കരിദിനം ആചരിക്കും

തിരുവനന്തപുരം: കേന്ദ്ര ബജറ്റിലെ കേരളത്തോടുള്ള അവഗണനക്കെതിരെ പ്രതിഷേധവുമായി സിപിഎം. നാളെ കരിദിനം ആചരിക്കാനാണ് സിപിഎം തീരുമാനം. ബൂത്ത് അടിസ്ഥാനത്തിൽ കരിങ്കൊടി ഉയർത്തും. ഇന്ത്യയുടെ ഭൂപടത്തിൽ കേരളം നിലനിൽക്കുന്നില്ല എന്ന രീതിയിലുള്ള ബജറ്റാണ് അവതരിപ്പിച്ചിട്ടുള്ളതെന്ന് സിപിഎം. ബജറ്റിന് മുമ്പ് കേന്ദ്ര ധനമന്ത്രിയുമായി നടത്തിയ ചർച്ചയിൽ കേരളം 29 ആവശ്യങ്ങൾ ഉന്നയിച്ചു. ഇതിൽ ഒന്നുപോലും പരിഗണിച്ചില്ല. സംസ്ഥാനം ദീർഘകാലമായി ആവശ്യപ്പെടുന്ന ഒരു പദ്ധതിയും കേരളത്തിന് ലഭിച്ചില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്.

കേരളത്തിന് എയിംസ് ഈ ബജറ്റിലും പ്രഖ്യാപിച്ചില്ല. റെയിൽവെ വികസനത്തിനായുള്ള ഏഴ് അതിവേഗ ഇടനാഴികളിലും കേരളമില്ല. വിഴിഞ്ഞം തുറമുഖത്തിൻ്റെ വികസനത്തിനുള്ള പ്രത്യേക പാക്കേജും അംഗീകരിക്കപ്പെട്ടില്ല. കേരളത്തിന്റെ പരമ്പരാഗത വ്യവസായങ്ങളെ സംരക്ഷിക്കാനുള്ള നടപടികളും കേന്ദ്ര സർക്കാർ സ്വീകരിച്ചില്ല. സർവകലാശാലകളും, ടൗൺഷിപ്പുകളും പ്രഖ്യാപിച്ചതിലും കേരളത്തെ ഉൾപ്പെടുത്തിയില്ല.

റബ്ബറിൻ്റെ വില സ്ഥിരതാ ഫണ്ടും ഇല്ല. നേരത്തെ പ്രഖ്യാപിച്ചിരുന്ന റെയിൽവെ കോച്ച് ഫാക്ടറിയെക്കുറിച്ചുള്ള പരാമർശങ്ങളുമില്ല. കേരളത്തിൻ്റെ സമ്പദ്ഘടനയെ ഏറെ സഹായിക്കുന്ന പ്രവാസി ക്ഷേമം ലക്ഷ്യമാക്കിയുള്ള യാതൊരു നടപടിയും കേന്ദ്ര ബജറ്റിൽ സ്വീകരിച്ചില്ലെന്നും ആക്ഷേപം.

Exit mobile version