കോട്ടയം∙ വിദ്യാർത്ഥി വിപ്ലവ പ്രസ്ഥാനത്തിന് കേരളത്തിൽ വേരോട്ടം കുറഞ്ഞോ? യുവജന പ്രസ്ഥാനങ്ങളിലേക്ക് യുവജനങ്ങളെ കിട്ടാത്ത അവസ്ഥയുമെത്തിയോ? സി.പി.എം കോട്ടയം ജില്ലാ സമ്മേളനത്തിലെ സംഘാടനാ റിപ്പോർട്ടിൽ വ്യക്തമാക്കുന്നത് സംഘടയുടെ മൂല്യച്യൂതിയെ കുറിച്ചാണ്. കഴിഞ്ഞ ദിവസമാണ് സിപിഎം കോട്ടയം ജില്ലാ സമ്മേളനത്തിൽ ഡിവൈഎഫ്ഐക്കും എസ്എഫ്ഐക്കും വിമർശനം നേരിട്ടത്. യുവജന വിദ്യർഥി സംഘടനകളുടെ പഴയകാല വീര്യം ചോർന്നെന്നാണു സംഘടനാ റിപ്പോർട്ടിൽ പറയുന്നത്.
ബഹുജന പ്രശ്നങ്ങൾ ഏറ്റെടുത്ത് യുവാക്കളിൽ സ്വാധീനം ചെലുത്താൻ ഡിവൈഎഫ്ഐക്ക് കഴിയുന്നില്ല. എസ്എഫ്ഐ നേതാക്കൾക്കു വിദ്യാർഥികളോടുള്ള മനോഭാവം മൂലം ക്യാംപസുകളിൽ സീറ്റ് കുറയുന്നെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
എസ്എഫ്ഐയിലും ഡിവൈഎഫ്ഐയിലും പഴയതുപോലെ ചെറുപ്പക്കാരും വിദ്യാർഥികളും വരുന്നില്ല. ബിജെപിയുടെ വളർച്ച ഇടതു വോട്ടുകളിൽ വിള്ളൽ വീഴ്ത്തുന്നത് ഗൗരവതരമായി കാണണമെന്നും റിപ്പോർട്ടിൽ പരാമർശിക്കുന്നു. നിർദിഷ്ട ശബരിമല വിമാനത്താവള പദ്ധതി വേഗത്തിലാക്കണെമെന്ന് ആവശ്യപ്പെട്ട് സമ്മേളനത്തിൽ പ്രമേയം പാസാക്കി. സ്ഥലമേറ്റെടുപ്പിലടക്കമുള്ള സാങ്കേതിക പ്രശ്നങ്ങൾ പരിഹരിക്കണമെന്നും പ്രമേയത്തിൽ ആവശ്യപ്പെട്ടു.
Leave feedback about this