വിവേകം വളർത്തിയെടുക്കണം, വകതിരിവ് നല്ലതോതിൽ സൃഷ്ടിക്കാനാകണം; പ്രവേശനോത്സവത്തിൽ കുട്ടികൾക്ക് ഉപദേശവുമായി മുഖ്യമന്ത്രി
ആലപ്പുഴ∙ സംസ്ഥാനത്തിന്റെ മതനിരപേക്ഷതാ ബോധത്തിന് വിദ്യാലയങ്ങൾ വഹിച്ച പങ്ക് വലുതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സ്കൂൾ പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. അറിവ് സാഫല്യത്തിൽ എത്തണമെങ്കിൽ നല്ല നിലയിലുള്ള ഔചിത്യ ബോധമുണ്ടാകണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. വിവേകം വളർത്തിയെടുക്കണം. വകതിരിവ് നല്ലതോതിൽ സൃഷ്ടിക്കാനാകണം. കാര്യകാരണ ബന്ധം പരിശോധിച്ചാകണം ഏതിനെയും സമീപിക്കേണ്ടത്. അങ്ങനെയാണ് അറിവിന്റെ സാമൂഹ്യവിനിയോഗത്തിനുള്ള ശേഷി ആർജിക്കുന്നത്. അറിവ് അവരവരിൽ ഒതുങ്ങി നിൽക്കരുത്. സമൂഹത്തിന് ഉപകരിക്കുന്ന തരത്തിൽ അത് വിനിയോഗിക്കാൻ ഒരു മനസ്സ് സൃഷ്ടിക്കാൻ കഴിയണം.
