loginkerala breaking-news ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ യാത്രയയപ്പ് ചടങ്ങുകൾ മാറ്റി; ജനുവരി 2ന് ബീഹാർ ​ഗവർണറായി ചുമതലയേൽക്കും
breaking-news India Kerala

ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ യാത്രയയപ്പ് ചടങ്ങുകൾ മാറ്റി; ജനുവരി 2ന് ബീഹാർ ​ഗവർണറായി ചുമതലയേൽക്കും

തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാന് വേണ്ടി ഇന്ന് നടത്താനിരുന്ന യാത്രയയപ്പ് ചടങ്ങ് മാറ്റിവച്ചു. മുൻപ്രധാനമന്ത്രി മൻമോഹൻ സിംഗിന്റെ വിയോഗത്തെ തുടർന്ന് രാജ്യത്ത് ജനുവരി ഒന്നുവരെ ദുഃഖാചരണമായതിനാലാണ് ചടങ്ങ് മാറ്റിവച്ചത്. രാജ്ഭവനിലെ ജീവനക്കാരാണ് ഇന്ന് വൈകീട്ട് ഗവർണർക്ക് യാത്രയയപ്പ് നൽകാൻ തീരുമാനിച്ചിരുന്നത്.

ബിഹാറിന്റെ ഗവർണറായാണ് അദ്ദേഹത്തിന്റെ പുതിയ ചുമതല. ജനുവരി രണ്ടിന് ആരിഫ് മുഹമ്മദ് ഖാൻ ബിഹാർ ഗവർണറായി ചുമതലയേൽക്കും. ഡിസംബർ 29 ന് അദ്ദേഹം കൊച്ചിയിൽ നിന്നും ഡൽഹിയിലേക്ക് പുറപ്പെടുമെന്നാണ് റിപ്പോർട്ടുകൾ.

കഴിഞ്ഞ സെപ്റ്റംബർ അഞ്ചിന് ആരിഫ് മുഹമ്മദ് ഖാൻ കേരളാ ഗവർണർ പദവിയിൽ അഞ്ച് വർഷം പൂർത്തിയാക്കിയിരുന്നു. രാജേന്ദ്ര വിശ്വനാഥ് ആർലേകറാണ് കേരളത്തിന്റെ പുതിയ ഗവർണർ. പുതുവത്സരദിനത്തിൽ കേരളത്തിലെത്തുന്ന അദ്ദേഹം ജനുവരി രണ്ടിനാണ് ചുമതലയേൽക്കുന്നത്. ഗോവയിൽ നിന്നുള്ള നേതാവാണ് രാജേന്ദ്ര വിശ്വനാഥ് ആർലെകർ. ഹിമാചൽ മുൻ ഗവർണറായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.

Exit mobile version