തിരു: അമേരിക്കൻ ഐക്യ നാടുകളിലെ ഭാരതീയരെ വിശേഷാൽ കേരളീയരെ എന്നെന്നും കേരള ഭൂമിയുമായി അടുപ്പിച്ച് അവരെ നാടിനു പ്രയോജനമുള്ളവരാക്കാനും അവിടെയുള്ള നമ്മുടെ ആളുകൾക്ക് ഉണ്ടാകുന്ന പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടാക്കാനും ആത്മാർത്ഥമായി പരിശ്രമിച്ച ഒരു മനുഷ്യസ്നേഹിയായിരുന്നു അടുത്തകാലത്ത് അന്തരിച്ച ഡോ. എം. അനിരുദ്ധനെന്ന് പത്മശ്രീ ഡോ. എം.എ.യൂസഫലി.ഫൊക്കാനയുടെ സ്ഥാപക പ്രസിഡൻ്റും നോർക്ക റൂട്ട്സിന്റെ വൈസ് ചെയർമാനുമായിരുന്ന ഡോ. എം. അനിരുദ്ധന്റെ വിട പറയലിൽ അനുശോചിക്കുന്നതിനും അദ്ദേഹത്തിന്റെ ആത്മശാന്തിക്കായി പ്രാർത്ഥിക്കുന്നതിനും നോർക്ക റൂട്ട്സിൻ്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം മസ്കറ്റ് ഹോട്ടലിലെ സിംഫണി ഹാളിൽ നടന്ന അനുസരണ സംഗമത്തെ അഭിസംബോന ചെയ്യുകയായിരുന്നു യൂസഫലി.
പ്രവാസികളുടെ ക്ഷേമത്തിനായി രൂപം നൽകിയ നോർക്ക റൂട്ട്സിൻ്റെ ഉപയോഗം ആഗോള വ്യാപകമായുള്ള പ്രവാസികൾക്ക് ലഭ്യമാക്കുന്നതിനാവശ്യമായ ക്രിയാത്മകമായ നിർദ്ദേശങ്ങളാണ് അനിരുദ്ധൻ കാഴ്‌ചവെച്ചതെന്നും യൂസഫലി ചൂണ്ടിക്കാണിച്ചു. വ്യവസായി എന്ന നിലയിലും പ്രവാസിയെന്ന പേരിലും എന്നോട് ഏറ്റവും അടുപ്പമുള്ള ഒരു വ്യക്തിയായിരുന്നു അനിരുദ്ധനെന്നു യൂസഫലി കൂട്ടിച്ചേർത്തു.ഞാൻ അമേരിക്കയിൽ ചെല്ലുമ്പോഴെല്ലാം അദ്ദേഹത്തിന്റെ അടുത്ത് പോകുന്നതിനു മുൻപ് അദ്ദേഹം ന്യൂയോർക്കിലേക്ക് ഓടിയെത്തുമെന്നും യൂസഫലി പ്രസ്‌താവിച്ചു. അനിരുദ്ധൻ നാട്ടിൽ വരുമ്പോഴെല്ലാം എൻ്റെ വീട്ടിൽ വരികയും ഞങ്ങൾ ഒന്നിച്ച് ഭക്ഷണം കഴിക്കുകയും മറ്റും ചെയ്യുമായിരുന്നുയെന്ന് യൂസഫലി പറഞ്ഞു.
സർവ്വശക്തനായ ഈശ്വരൻ പരലോകത്ത് എല്ലാവിധ സൗഭാഗ്യങ്ങളും ചൊരിയുമാറാകട്ടെ എന്ന് യൂസഫലി പ്രാർത്ഥിച്ചു.
അനുസ്‌മരണ സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി അധ്യക്ഷത വഹിച്ചു. നോർക്ക റെസിഡൻഷ്യൽ വൈസ് ചെയർമാൻ പി.ശ്രീരാമകൃഷ്‌ണൻ. മുൻ പ്രവാസകാര്യ മന്ത്രിമാരായ എം എം ഹസ്സൻ, കെ.സി. ജോസഫ്, അനിരുദ്ധൻ്റെ മകനും എസ്സെൻ ന്യൂട്രിഷൻസ് എം ഡിയുമായ അനൂപ് അനിരുദ്ധൻ എന്നിവർ അനുസ്‌മരണ പ്രഭാഷണം നടത്തി.നോർക്ക സെക്രട്ടറി ഡോ.എസ്.ഹരികിഷോർ ഐഎഎസ് സ്വാഗതം ആശംസിച്ചു. നോർക്ക റൂട്ട്സ് സിഇഒ അജിത് കൂവളശ്ശേരി നന്ദി പ്രകാശിപ്പിച്ചു.
