മലേഗാവ്: മഹാരാഷ്ട്രയിലെ മാലേഗാവിൽ നടന്ന സ്ഫോടനക്കേസിലെ എല്ലാ പ്രതികളെയും വെറുതെ വിട്ടു. മതിയായ തെളിവുകളില്ല എന്ന കാരണത്താലാണ് പതിനേഴു വർഷങ്ങൾക്ക് ശേഷം പ്രതികളായ മുൻ ബിജെപി എംപി പ്രജ്ഞാ സിംഗ് താക്കൂർ, ലെഫ്റ്റനന്റ് കേണൽ പ്രസാദ് പുരോഹിത് എന്നിവരുൾപ്പെടെ ഏഴ് പ്രതികളെയും പ്രത്യേക കോടതി വ്യാഴാഴ്ച കുറ്റവിമുക്തരാക്കിയത്.
ശിക്ഷ ഉറപ്പാക്കാൻ സംശയം മാത്രം പോരാ എന്ന് വിധി പ്രസ്താവിച്ച പ്രത്യേക ജഡ്ജി എ കെ ലഹോട്ടി പറഞ്ഞു. പ്രോസിക്യൂഷൻ തങ്ങളുടെ ആരോപണങ്ങൾ സംശയാതീതമായി തെളിയിക്കുന്നതിൽ പരാജയപ്പെട്ടുവെന്നും കോടതി അഭിപ്രായപ്പെട്ടു. സമൂഹത്തിനെതിരെ ഗുരുതരമായ പ്രശ്‍നം നടന്നിട്ടുണ്ടെന്നും എന്നാൽ ധാർമ്മികതയുടെ പേരിൽ മാത്രം കോടതിക്ക് കുറ്റം വിധിക്കാൻ കഴിയില്ല എന്നും വിധിന്യായം വായിച്ചുകൊണ്ട് ജഡ്ജി ലഹോട്ടി പ്രസ്താവിച്ചു.
സ്ഫോടനത്തിൽ ഉപയോഗിച്ച എൽഎംഎൽ ഫ്രീഡം മോട്ടോർസൈക്കിൾ പ്രജ്ഞാ സിംഗ് താക്കൂറിന്റെ ഉടമസ്ഥതയിലാണെന്നതിനോ കേണൽ പുരോഹിത് ബോംബ് നിർമ്മിച്ചതിനോ വ്യക്തമായ തെളിവില്ലെന്ന് കോടതി വിലയിരുത്തി.